Thursday, 28 May 2020

'ശ്ശെല്ലി മുസ്ലിം ....'



കൂട്ടിലടച്ച കുഞ്ഞിക്കിളിയെപോലെ അങ്ങനെ ഞാൻ ഒന്നാം ക്ലാസ് തടവറയിലായി ...

കുഞ്ഞി ബഞ്ചിൽ  ഞങ്ങൾ അഞ്ചാറുപേർ തിങ്ങിനിറഞ്ഞിരിപ്പാണ്  ... അടയ്ക്കാ തൊണ്ടിന്റെയത്രേം വലിപ്പമുള്ളതുകൊണ്ട് മുൻ ബഞ്ചിൽ തന്നെ സീറ്റ് കിട്ടി. .. 
 മഴനനഞ്ഞ ബാഗിന്റെ പുതുമണവും , പോപ്പി കുടയിൽ നിന്നിറ്റിറ്റു വീഴുന്ന മഴത്തുള്ളികളും ഒരു തുള്ളിപോലും പുറത്തേക്കുപോകാതെ അങ്ങനെ മാറോടടക്കി പിടിച്ചിരിക്കുകയാണ് ... 

ബെല്ലടിക്കണം ... വീട്ടിൽ പോകണം ... അതിനായുള്ള കാത്തിരിപ്പാണ് ...

രണ്ടാം പിരിയഡ് ആയതേയുള്ളു... ഉസ്മാൻ സാർ കയറി വന്നു ..
അറബിയോ , ഉറുദുവോ മറ്റോ പഠിപ്പിക്കുന്ന മാഷാണ് ...
കുട്ടികളെ ക്ലാസ് തിരിക്കാൻ വന്നതാണ് ... ക്ലാസ് ടീച്ചർ രജിസ്റ്ററും കൊണ്ട് വീട്ടിൽ ലീവിലാണ് മഴയല്ലേ ... സാറിനാണ് ചാർജ് 

"അറബി പഠിക്കാൻ താൽപര്യമുള്ള  കുട്ടികൾ എഴുന്നേറ്റു നിന്നേ ..."
സാർ വാത്സല്യപൂർവ്വം കുട്ടികളോട് പറഞ്ഞു.
കുറെ പഠിപ്പൻ മാരും  പഠിപ്പികളും എഴുന്നേറ്റു നിന്നു ...

ഒരു  തേങ്ങയും പഠിക്കാൻ പണ്ടേ താല്പര്യമില്ലാത്ത ഞങ്ങൾ കുറച്ച് ഉഴപ്പൻമാർ  അരകല്ലിന് കാറ്റു കൊണ്ടപോലെ പുറത്ത് തൂക്കിയിട്ടിരിക്കുന്ന ബെല്ലിൽ ഉറ്റു നോക്കി 'ഞങ്ങളീനാട്ടുകാരല്ലേ' ... എന്ന ഭാവത്തിൽ അവിടെ തന്നെയിരുന്നു.  

ആ നമ്പർ ഏറ്റില്ലെന്ന് കണ്ടിട്ടാവണം , സാർ അടുത്ത നടപടിയിലേക് കടന്നു.
"മുസ്‌ലിം കുട്ടികൾ എല്ലാരും എഴുന്നേറ്റേ "

എനിക്ക് കൂട്ടിരുന്ന വെള്ള തൊപ്പിയിട്ട കുറച്ച്  കുട്ടികൾ മനസില്ലാ മനസോടെ എഴുന്നേറ്റു...

'മുസ്‌ലിം' എന്ന് ആദ്യമായി കേൾക്കുന്ന .. അങ്ങനെ പറഞ്ഞാ എന്ത് കുന്തമാണെന്നറിയാത്ത ഞാൻ വായും പൊളിച്ച് അന്ധാളിച്ച് സാറിനെ നോക്കി നിന്നു.

പാവാടയിട്ടവർ പെൺപിള്ളേർ , ട്രൗസറിട്ടവർ ആൺപിള്ളേർ - ഈ ഒരു വേർതിരിവിനെ കുറിച്ചുള്ള അറിവേ അന്നുവരെ എനിക്കുണ്ടായിരുന്നുള്ളു. പാവാടയിടുന്ന കുട്ടികളിൽ ചിലർക്ക് എന്നേക്കാൾ മുടിയുണ്ടായിരുന്നത്  ഒത്തിരി കൗതുകവും ഇത്തിരി കുശുമ്പും ഉണ്ടാക്കിയിരുന്നു എന്നത് വേറൊരു കാര്യം ...


'മുസ്ലിം ' കേൾക്കാൻ നല്ല രസമുള്ള വാക്ക്.. 'ഷെല്ലി മുസ്ലിം  ' നല്ല രസം ... ഇനിയിപ്പം മുസ്ലിം  കുട്ടികളെ നേരത്തെ വീട്ടിൽ വിട്ടാലോ?... അല്ലറ ചില്ലറ കണക്കുകൂട്ടലുകൾക്ക് ശേഷം ഞാൻ മുസ്ലീം  ആകാൻ തീരുമാനിച്ചു.
പതിയേ എഴുന്നേറ്റു...

സാർ പേരെഴുതാൻ അടുത്തെത്തി... അടയ്ക്കാ തൊണ്ടുപോലുള്ള ഈ വിഡ്ഢി കുശ്മാണ്ഠം എങ്ങനെ മുസ്ലീമായി  എന്ന ഭാവേന സാർ തെല്ലൊരു സംശയത്തോടെ എന്നോട് ചോദിച്ചു.

"ഇയ്യ്‌ മുസ്ലീമാ?"
- അതേ ...

"അന്റെ പേരെന്താ?
- ശ്ശെല്ലി 

"മുഴുവൻ പേര്"
-ശ്ശെ...ല്ലീ ...."

"ഉപ്പാടെ പേര്?
-പ്പാ...

"എന്ത് ?"
-പ്പാ ...ന്ന് 

ഇതെന്തിന്റെ കുഞ്ഞാണോ എന്ന മട്ടിൽ സാർ അവസാനത്തെ അസ്ത്രം പുറത്തെടുത്തു.

"ഇയ്യ്‌ പള്ളീൽ പോകാറുണ്ടോ?"

- ആം ...

അതെനിക്കറിയാം പള്ളീൽ പോകാറുണ്ട് .. എനിക്ക് തരാതെ മമ്മി വെള്ള അപ്പം മേടിച്ച് കഴിക്കണത് ഞാൻ കണ്ടിട്ടുണ്ട്. ലൈനായി പോയിട്ടും,കൈകൂപ്പി കണ്ണടച്ച് നിന്നിട്ടും ,  കിഞ്ചി ചോദിച്ചിട്ടും ,ശാഠ്യം  പിടിച്ച്  കാറി പൊളിച്ച് കരഞ്ഞിട്ടും എനിക്ക് ഒരിക്കലും കിട്ടാതിരുന്ന ആ അപ്പം എങ്ങനെ മറക്കാനാണ് ... ഒരുതവണ മമ്മീടെ വാ കിള്ളി തുറന്ന് ഒരു  വിഫല ശ്രമം വരെ നടത്തിയിട്ടുണ്ട് ...

പള്ളീൽ പോകാറുള്ള സ്ഥിതിക്ക് ഞാൻ മുസ്‌ലിം തന്നെയായിരിക്കുമെന്നുറപ്പിച്ച് സാർ എന്റെ പേരുമെഴുതി പോയി...


ഒന്നാം ക്ലാസ്സിൽ ചേർന്നയുടനെ എനിക്ക് 'എഞ്ചുവടി മനഃപാഠം' പുസ്തകം മേടിച്ച് തന്നിരുന്നു. അതിന്റെ അവസാന താളിലെ   'ളാ ഉൻ '  ,  ' റാ ഉൻ ' അങ്ങനെ ഏതൊക്കെയോ വാക്കുകൾ അന്നത്തെ ഒന്നാം ക്ലാസ്സ് മുസ്ലിം ഷെല്ലി പഠിച്ചിരുന്നു . 

അറബിക്ലാസ്സിലെ എന്റെ അനധികൃത പഠനം അധികകാലം നീണ്ട് നിന്നില്ല.. ക്ലാസ് ടീച്ചർ തിരികെ വരുകയും ഞാൻ 'ഷെല്ലി ജോസ് ' ആണെന്ന് തിരിച്ചറിയുകയും ചെയ്തപ്പോൾ ഞാൻ മുസ്ലിം അല്ലാതെയായി ...

ഭൂലോക ഉടായിപ്പായിരുന്ന എന്നെ, കിട്ടിയ ആദ്യ അവസരത്തിൽ തന്നെ സാർ തൂക്കിയെടുത്ത് ക്ലാസിന് വെളിയിൽ കളഞ്ഞു. ഇനിയൊരു വർഗീയ കലാപം വേണ്ടെന്നു വച്ചാകണം ...

വേർതിരിവുകളുടെ ഈ കാലഘട്ടത്തിൽ .. ജാതി, മതം , വർഗം, നിറം,ആണ് , പെണ്ണ്  ഇങ്ങനെ ഒരു വേർതിരിവുമില്ലാതെ എല്ലാരും ഒന്നാം ക്ലാസ്സുകാരായിരുന്നേൽ എത്ര നിഷ്കളങ്ക സുന്ദരമായേനെ ഈ ലോകം ....



Wednesday, 27 May 2020

ഒരു ഒന്നാം ക്ലാസുകാരന്റെ ഇന്റർവ്യൂ അനുഭവം




ഒന്നാം ക്ളാസ്സിലേക്കുള്ള പ്രവേശന ഇന്റർവ്യൂ ആയിരുന്നു എന്റെ ജീവിതത്തിലെ കന്നി പരീക്ഷ .....

പഴം കഥകൾ അയവിറക്കുമ്പോൾ പപ്പയുടെ ഓർമ്മ തള്ളുകളിൽ അവർണ്ണനീയമായ സ്ഥാനമാണ് മാനന്തവാടി എൽ.എഫ്. യൂ.പി. സ്‌കൂളിനുള്ളത് ... പപ്പയുടെ സ്വന്തം സ്‌കൂൾ ...
അന്നത്തെ ക്ലാസ്സ് ചട്ടമ്പിയായിരുന്ന ഔസേപ്പിനെ സ്‌കൂളിലേക്ക് ആകർഷിച്ചത് എൽ.എഫ് ലെ സിസ്റ്റേഴ്സിന്റെ സ്നേഹവും , ഉപ്പുമാവും ആയിരുന്നത്രേ... വീട്ടിലെ പട്ടിണിയിൽ സ്‌കൂളിലെ ഉപ്പുമാവിന് അമൃതിന്റെ സ്വാദായിരുന്നത്രെ ... 
കൂടാതെ  ഇടക്ക് വീട്ടിലേക്കു കൊടുത്തയക്കുന്ന അരി സഞ്ചിയിൽ ആരുമറിയാതെ സിസ്റ്റർമാർ ഒളിപ്പിച്ച് വച്ച് നൽകുന്ന പാട്ട നെയ്യും... സഞ്ചി തുറന്ന് അത് കണ്ടെത്തുമ്പോൾ പാപ്പന്റേം , അമ്മേടെം , ഏഴ് മക്കളുടെയും മിഴിഞ്ഞ കണ്ണുകൾ, സന്തോഷം ഒക്കെ വാങ്മയ ചിത്രങ്ങളായി പഴംകഥകളിലൂടെ ഞാൻ കേട്ടറിഞ്ഞിട്ടുണ്ട് ...

ഇങ്ങനൊക്കെ ആണേലും സ്‌കൂളിലെ  ഉപ്പുമാവിനേക്കാൾ രുചി,  കപ്പ ചുമന്ന് കിട്ടുന്ന അണയ്ക്ക് വാങ്ങുന്ന അരിയിൽ വീട്ടിൽ വച്ചുണ്ടാക്കുന്ന ചോറിനുണ്ടെന്ന് തിരിച്ചറിഞ്ഞ പപ്പ, നാലാം ക്ലാസിൽ പഠനവും ഗുസ്തിയും നിർത്തി അല്ലറ ചില്ലറ കൂലി പണികളിലേക്ക് തിരിഞ്ഞു... പഠിക്കാൻ നല്ല ബുദ്ധിയുണ്ടായിരുന്ന ഇന്നും ലോക്കൽ ചെസ്സ് ചാമ്പ്യൻ ആയി തുടരുന്ന പപ്പ പഠനം പൂർത്തിയാക്കിയിരുന്നേൽ എന്ന് ഞാനിടയ്ക്ക് ചിന്തിക്കാറുണ്ട് ...

ഇത്ര ആത്മബന്ധമുള്ള സ്‌കൂളിൽ എന്നെ ചേർക്കുക എന്നത് അതിനാൽ തന്നെ പപ്പയുടെ ആഗ്രഹവുമായിരുന്നു...

വീടിനടുത്തുള്ള സിംഹങ്ങളെല്ലാം എൽ.എഫ് സ്‌കൂളിൽ തന്നെയാണ് പഠിച്ചിരുന്നതും ...

അങ്ങനെ ആ ദിവസം വന്നെത്തി ...

സ്‌കൂൾ ഓഫീസിനു മുൻപിൽ ചേരാൻ വന്ന കുട്ടികളും , മാതാപിതാക്കളും  എല്ലാരും ആകാംക്ഷയോടെ കാത്തിരിക്കുന്നു. 
അവിടെ ചെന്നപ്പോഴാണ് ഞങ്ങളറിഞ്ഞത് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് ഇന്റർവ്യൂ ഉണ്ടെന്ന് ... 

ഇംഗ്ലീഷിലാണ് ഇന്റർവ്യൂ അതാണ് കഷ്ടം ....

ഇന്റർവ്യൂ കഴിഞ്ഞുവന്ന പരിചയക്കാരനോട് സഹായമഭ്യർത്ഥിച്ചു ... ചോദ്യങ്ങൾ ചോർത്തി തരണം ... അതാണ് കാര്യം ...

പുള്ളി സഹായിക്കാമെന്നേറ്റു... 

നിറങ്ങളാണ് ചോദിച്ചതത്രെ ...കർട്ടൺന്റെയും പൂവിന്റെയും ... ആദ്യത്തേത് yellow രണ്ടാമത്തേത് Red ..
പിന്നെ മേശയിലുള്ള ഒരു സാധനം ചൂണ്ടിക്കാട്ടി What is this എന്ന് ചോദിക്കും  ... ഞാൻ ബുക്ക് എന്ന് മറുപടി പറയണം ... പിന്നെ ഒരു ചാർട്ട് കാണിക്കും അതിലെ ഏതാനും വെജിറ്റബിൾ സിന്റെ പേര് പറയണം ... 

ഇത്രയുമേയുള്ളു ... സിമ്പിൾ ... ഇതെക്കെയെന്ത് ഞാൻ കലക്കും എന്ന മട്ടിൽ ഞാൻ പപ്പനേം മമ്മിനേം നോക്കി... പക്ഷെ അവർക്ക് പുപ്പുലിയായ എന്നിൽ അത്ര വിശ്വാസം പോരാ എന്ന് അവരുടെ കണ്ണുകൾ എന്നോട് പറയാതെ പറഞ്ഞു.  

പിന്നീടുള്ള പത്ത് പതിനഞ്ചു മിനിറ്റ് മാരത്തൺ പഠനമായിരുന്നു. 

കുഞ്ഞു കൈവിരലുകൾ പെറുക്കി കൂട്ടി ഞാൻ പഠിച്ചു ..
1 . യെല്ലോ 
2 .റെഡ് 
3 . ബുക്ക് 
4 . പപ്പായ , ചില്ലി ,ക്യാരറ്റ് , ഒനിയൻ 

ഇന്റർവ്യൂ നു ഓഫിസിലേക്ക് വിളിച്ചു ... പടി കടന്നതോടെ വീർത്ത ബലൂണിൽ സൂചി കുത്തിയപോലെ എന്റെ ധൈര്യമെല്ലാം ഏതിലെയൊക്കെയോ ചോർന്ന് പോകുന്നത് പേടിയോടെ ഞാനറിഞ്ഞു.

എന്നേ ക്കാൾ പൊക്കമുള്ള സീറ്റിൽ അള്ളി പിടിച്ച്  വലിഞ്ഞ് കയറാൻ ശ്രമിച്ച എന്നെ പപ്പ എടുത്തിരുത്തി ... മേശമേലുള്ള ആകര്ഷണീയങ്ങളായ പലവക വസ്തുക്കളിൽ എന്റെ ചിന്തകൾ ഉടക്കി നിന്നു .. ചങ്കിന്റെയുള്ളിൽ നിന്ന് ആരോ പടാപടാന്ന് ചിരട്ട കൊട്ടണ ശബ്ദം ഞാൻ കേട്ടു ... അടിവയറിൽ കൂടി ഒരു പുളയലും ...

ആൺകുട്ടികൾ കരയാൻ പാടില്ല ... നേഴ്‌സറിയിൽ പഠിച്ച പാഠമാണ് ... ഞാൻ തുറിച്ച് നോക്കി പിടിച്ചിരുന്നു...

എന്റെ അവലക്ഷണം പോലുള്ള തുറിച്ചു നോട്ടം കണ്ടിട്ട് എന്തോ പന്തികേട് തോന്നിയ സിസ്റ്റർ എന്നെ ജയിപ്പിക്കാൻ ഏറ്റവും സിമ്പിൾ ചോദ്യങ്ങൾ ചോദിയ്ക്കാൻ തീരുമാനിച്ചിരിക്കണം ...

ഒന്നാം ചോദ്യം ...

?   What is your name?
ഞാൻ : യെല്ലോ 

(കേട്ടത് തെറ്റിയതാവും "ഷെല്ലി" എന്നാവും ഞാൻ പറഞ്ഞതെന്ന് പാവം സിസ്റ്റർ തെറ്റിദ്ധരിച്ചു )


?  How old  are you?
ഞാൻ : റെഡ് 

(റെഡ് മായി സാമ്യം തോന്നുന്ന ഏതെങ്കിലും നമ്പർ നിലവിലുണ്ടോ എന്ന്  ഒരുവേള എല്ലാവരും അന്ധം വിട്ട് ചിന്തിക്കണത് ഞാൻ കണ്ടു )

? ഇതെന്താ ന്ന് ഇംഗ്ലീഷിൽ പറഞ്ഞേ .... ഒരു പേന കയ്യിലെടുത്ത് സിസ്റ്റർ എന്നോട് ചോദിച്ചു.
ഞാൻ : ബുക്ക് 

(അഭിമാന പുരസ്‌കരം ഇരിക്കുന്ന എന്നെ നിസ്സഹായരായി പപ്പയും മമ്മിയും നോക്കുന്നത് ഇടം കണ്ണാലെ ഞാൻ കണ്ടു.)

?അവസാനത്തെ ചോദ്യമാണെ ... മോന്റെ വീട്ടിൽ ആരൊക്കെയാ ഉള്ളതെന്ന് ഇംഗ്ലീഷിൽ പറഞ്ഞേ ... ആലോചിച്ച് പറഞ്ഞാൽ മതിയെ ... ഇപ്പം ഇവിടെ ആരൊക്കെയാ ഉള്ളതെന്ന് നോക്കിയേ ...

 (ഉത്തരം പറയാൻ ഇവിടിരിക്കുന്ന ആരുടെയും സഹായം എനിക്കാവശ്യമില്ലെന്ന മട്ടിൽ എല്ലാവരെയും ഒരുവട്ടം നോക്കി ഞാൻ  ) 

ഞാൻ : പപ്പായ, ചെല്ലി , അനിയൻ , കാരറ്റ് 


സ്വന്തം പേര് പോലും പറയാൻ അറിയാണ്ട് പോയ എനിക്കവിടെ അഡ്‌മിഷൻ കിട്ടിയില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലലോ ... 

എങ്കിലും അവസാനത്തെ ഉത്തരത്തിൽ കാരറ്റിനെ വലിച്ച് കേറ്റിയില്ലാരുന്നേൽ ഒരുപക്ഷെ എനിക്കവിടെ അഡ്‌മിഷൻ കിട്ടിയേനെ എന്ന് ഇടയ്ക്ക് തോന്നാറുണ്ട് ..


കാണാതെ പഠനത്തിന്റെ ബാക്കി പത്രമായിരുന്നു ഒന്നാം ക്ലാസ് പ്രവേശനത്തിൽ തോറ്റ എന്നെയും തൂക്കിയെടുത്ത് സ്‌കൂളിന്റെ പടികടന്ന മാതാപിതാക്കളുടെ സങ്കടം നിറഞ്ഞ മുഖങ്ങൾ ...

അതിനാലാവണം കാണാതെ പഠനത്തിന് എതിരാണ് ഞാനിന്നും ...

എന്താണ് പഠിക്കുന്നതെന്നും 
എന്തിനാണ് പഠിക്കുന്നതെന്നും 
എങ്ങനെയാണ് പഠിക്കേണ്ടതെന്നും 
മനസിലാക്കാനും അറിയാനും തീരുമാനം എടുക്കാനും കുട്ടികൾക്ക് അവകാശമുണ്ട് ....
അവർക്ക് മനസിലാകുന്ന രീതിയിൽ .... ആകർഷകമായി പഠിപ്പിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം ..




Morning Thoughts


▬▬▬▬▬▬▬▬▬▬▬
┇┇┇ ꧁͜͡꧂꧁͜͡꧂ ┇┇┇

🍁 🍁🌷 ശുഭചിന്ത🌷🍁🍁
┇┇┇ ❣️🍃  🍃 🍃❣️ ┇┇┇

കരയുന്നതിനു മുൻപ് കണ്ണീരൊപ്പാനെത്തുകയും , 
വീഴുമ്പോൾ താങ്ങായി കൂടെ നിൽക്കുകയും,
പറയാതെ മനസ്സറിയുകയും ചെയ്യുന്ന 
ഒരു സുഹൃത്തെങ്കിലുമുള്ള ആളാണ്          
ലോകത്തിലെ ഏറ്റവും വലിയ ധനികൻ 

സുദൃഢമായ സുഹൃത്ത് ബന്ധങ്ങൾ കൊണ്ട് 
ധനികരാകാം നമുക്കിന്ന് 

  🌷🌷 ശുഭദിനം🌷🌷
 ▀█▓▓▒▒░▒▒▓▓█▀
       ▀█▓▓▒▓▓█▀
             ▀█▓█▀
                   ▀


Tuesday, 26 May 2020

ഒരു മറുകിന്റെ ഒന്നാം ക്ലാസ്സ് കഥ


കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്കൂളിൽ അഡ്മിഷൻ എടുക്കാൻ വരുന്ന മാതാപിതാക്കളെ കാണുന്നു. 
ലോക്ക് ഡൗൺ ആയതിനാൽ കുട്ടികൾ കൂടെയില്ല... 
ഫോം പൂരിപ്പിക്കുമ്പോൾ കുട്ടിയുടെ birth mark  അഥവാ മറുക് രേഖപ്പെടുത്തേണ്ടി വരുമ്പോൾ പലരും വിയർക്കുന്നത് രസമുള്ളൊരു കാഴ്ചയാണ്... "എന്റെ വാവയെ പറ്റി എനിക്കെല്ലാം അറിയാം" എന്ന ഡംബിൽ  വരുന്നൊരെല്ലാം തന്റെ കൊച്ചിന്റെ മറുക് എവിടാന്ന് അന്ധാളിക്കുന്നതും, വീട്ടിലേക്ക് വിളിച്ച്  അടിമുടി പരിശോധിപിച്ച്  കണ്ടെത്തി  ഉറപ്പുവരുത്തുന്നതുമെല്ലാം കണ്ടപ്പോൾ ഞാനും ചില പഴയ ഓർമകളിലേക്ക് മടങ്ങി....

ഞാനിപ്പോൾ  അധ്യാപകനായി ആസ്വദിക്കുന്ന ഈ ദ്വാരക എ.യു.പി സ്‌കൂളിലേക്ക് അക്ഷരാർത്ഥത്തിൽ പിച്ചവെച്ച് വന്നത് പപ്പയുടെ കയ്യിൽ തൂങ്ങി ഒഴുകുന്ന കണ്ണീരോടും പിടക്കുന്ന ഹൃദയത്തോടുമായിരുന്നു...
ഒന്നാം ക്ലാസിൽ ചേരാൻ ...

നേഴ്‌സറി സ്കൂളിൽ പോയ തിക്താനുഭവത്തിൽ നിന്ന് സ്‌കൂൾ അത്ര രസമുള്ളയൊരു ഏർപ്പാടല്ലെന്ന് അന്നത്തെ കുഞ്ഞെനിക്ക് അറിയാമായിരുന്നു ...

മാനന്തവാടിയിലെ  എൽ.എഫ്. യൂപി സ്‌കൂളിലായിരുന്നു ആദ്യമായി അഡ്മിഷന് ശ്രമിച്ചത് ... ജീവിതത്തിലെ ആദ്യത്തെ ഇന്റർവ്യൂ അവിടെ നിന്നായിരുന്നു.... തുടക്കം ഗംഭീരമായി ..... ഒരു കുഞ്ഞു മണ്ടനായി മുദ്രകുത്തപ്പെട്ട് അഡ്മിഷൻ കിട്ടാണ്ട്  മടങ്ങേണ്ടി വന്നു ...

നാലാം ക്ലാസ്സും ഗുസ്തിയുമായിരുന്ന പപ്പയുടെ വീരകഥകളുറങ്ങുന്ന ഈ ആത്മ വിദ്യാലയത്തിൽ മകനായ എനിക്ക് അഡ്‌മിഷൻ കിട്ടാത്തത് കൊണ്ടോ , അതോ കന്നിയങ്കത്തിൽ തന്നെ വീരമൃത്യു വരിച്ച ഞാൻ ഒരു ലോക പരാജയമായി തീരാനുള്ളതിന്റെ ആദ്യ ചവിട്ടുപടിയാണോ ഇതെന്ന് പേടിച്ചോ മറ്റോ കണ്ണീരണിഞ്ഞ മാതാപിതാക്കളുടെ കയ്യിൽ തൂങ്ങി  പരാജയത്തിൽ വിജയ ശ്രീലാളിതനായി ഒത്തിരി സന്തോഷത്തോടെയാണ്  ഞാൻ വീട്ടിലേക്ക് മടങ്ങിയത് ... 

സ്‌കൂളെന്ന പേടിസ്വപ്നത്തിന് അറുതിയായെന്നോർത്ത് എന്റെ കൊച്ചുമനസ്സ് അന്നൊതിരി സന്തോഷിച്ചു. അതധികകാലം നീണ്ടുന്നില്ല നിന്നില്ല....

അങ്ങനെയാണ് ദ്വാരക എ.യു.പി സ്കൂളിലേക്ക് കയ്യിൽ തൂങ്ങി ഞാൻ എത്തി പ്പെടുന്നത് .... 

കുട്ടികളും മാതാപിതാക്കളുമെല്ലാം വരി വരിയായി നിൽക്കണ കണ്ടപ്പോൾ തെല്ലാശ്വാസം തോന്നി ....

 എനിക്ക് തോൽക്കാൻ വീണ്ടുമൊരു ഇന്റർവ്യൂ .... 

പക്ഷെ അതങ്ങനെയായിരുന്നില്ല ... അഡ്‌മിഷൻ ഫോം പൂരിപ്പിക്കാൻ നിൽക്കുന്ന വരിയായിരുന്നു അത് ... 

ഒരു ഇന്റർവ്യൂ വും ഇല്ല.... എല്ലാവർക്കും തുല്ല്യ അവസരം ... 

അണ്ടനും അടകോടനും കിട്ടിയ കൂട്ടത്തിൽ എനിക്കും കിട്ടി ഇവിടൊരു അഡ്‌മിഷൻ ...

അങ്ങനെ ഫോം പൂരിപ്പിക്കാൻ ഞങ്ങടെ ഊഴമെത്തി ... 

എം.പി സാർ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ ( അന്നും ഇന്നും എനിക്ക് എം.പി. സാറിന്റെ മുഴുവൻ പേരറിയില്ല)

സാർ പപ്പയോട്  ചോദിച്ചു " കുട്ടിയുടെ മറുകെവിടാ?"
കണ്ടെത്തി വച്ച കണ്ണിലെ കൃഷ്ണമണിയിലെ മറുക് പറഞ്ഞ് കൊടുത്തു.

തെളിവിനായി ഞാൻ സാറിനെ ഒന്ന് കണ്ണിറുക്കി കാണിക്കുകയും ചെയ്തു, പക്ഷെ സാർ കണ്ണിറുക്കുന്നതിനു പകരം കണ്ണുരുട്ടുകയാണ് ചെയ്തത്... ഞാൻ പേടിച്ചില്ല ..

"രണ്ടാമത്തെ മറുകെവിടാ പറയൂ?" 

ഇത്തവണ പപ്പ പേടിച്ചു ... അത് കണ്ടെത്തി വച്ചിട്ടില്ല ...

സാറും പപ്പയും കൂടി ഒരുവട്ടം പരിശോധന നടത്തി ... കാണാവുന്ന ഇടങ്ങളിലൊന്നും രണ്ടാമനെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല ....

 ഞാൻ കൂളായി ... രണ്ടാമത്തെ മറുകില്ലാത്തതിനാൽ അഡ്‌മിഷൻ കിട്ടാതെ പോകുന്ന നിമിഷമോർത്ത് എന്റെ കുഞ്ഞുമനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.

"ആ ... അവന്റെ ചന്തിയിലൊരു കറുത്ത മറുകുണ്ട് അത് മതിയോ സാറേ ?"

"ഓ...ധാരാളം എവിടെ കാണട്ടെ ?"

ഇടിത്തീ പോലെയാണ് ഇത് ഞാൻ കേട്ടത് ...
ഇത്തവണ ഞാൻ പേടിച്ചു ...

ചുറ്റും ഒരുപാട് പിള്ളേർ ... നാലാം ക്ലാസ്സിലെയോ ഏഴാം ക്ലാസിലെയോ ഒക്കെ ചേച്ചിമാർ പ്രയർ പാടാൻ നിൽക്കുന്നു... എന്റെ ക്ലാസ്സ്‌മേറ്റ് ആകാനിടയുള്ള കുഞ്ഞു സുന്ദരികളും സുന്ദരന്മാരും എന്നെ നോക്കി നില്കുന്നു ... 
ഞാൻ ചുറ്റും നോക്കി ... എന്നെ രക്ഷിക്കാനാരുമില്ല ... മാനഹാനിയുടെയും നാണക്കേടിന്റെയും ഭീങ്കര നിമിഷങ്ങളോർത്ത് എന്റെ കുഞ്ഞു ഹൃദയം നുറുങ്ങാൻ തുടങ്ങി ...

എന്റെ കുഞ്ഞു ചന്തിയോട് വേണോ ഈ അക്രമം എന്ന മട്ടിൽ നിസ്സഹായനായി കണ്ണീരോടെ ഞാൻ എല്ലാവരെയും നോക്കി...

 ഒരാളിവിടെ ഹ്രദയം നൊന്ത് വാവിട്ട് കരയുമ്പോൾ ഒരു മനഃസാക്ഷിയുമില്ലാതെ എല്ലാവരും എന്നെ കൗതുകത്തോടെ നോക്കി ചിരിക്കുന്നു . ഇത് കണ്ടപ്പോൾ എന്റെ സങ്കടം ഇരട്ടിച്ചു...

എന്റെ കുഞ്ഞു പ്രതിഷേധങ്ങളെ വിലവയ്ക്കാതെ ... എന്റെ കുഞ്ഞു ട്രൗസർ അരയിൽ നിന്നും വിട്ടുപോകുന്നത്... 
സമൂഹ മധ്യത്തിൽ വിവസ്ത്രനാക്കപ്പെടുന്നത് ....    ഹ്രദയത്തിലൂടെ ഒരു കൊള്ളിയാൻ മിന്നി പോകുന്ന പോലെ ഞാനറിഞ്ഞു. 

പിന്നെ ഒന്നും എന്റെ ഓര്മയിലില്ല ... 

തല കുമ്പിട്ട് മണലിനെയും സ്വന്തം കാൽപാദങ്ങളെയും നോക്കി ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തവനേപ്പോലെ വീട്ടിലേക്കു മടങ്ങുന്നതായാണ് പിന്നീടുള്ള ഓർമ്മ.

പിന്നീട് കുറെ കാലത്തേക്കെങ്കിലും എന്റെ പേടി സ്വപ്നമായിരുന്നു ആരെങ്കിലും മറുക്   ചോദിക്കുമോ എന്ന് ...

 ഏഴാം ക്ലാസിൽ ടി.സി മേടിക്കാൻ വരിയിൽ നിൽക്കുമ്പോൾ മറുകിന്റെ വെരിഫിക്കേഷൻ ഉണ്ടാകുമോ എന്ന് പേടിച്ച് വിയർത്തതും ചെറുതായി ഓർമയിൽ ഉണ്ട് .... 


ഇപ്പോഴിത് രസകരമായ ഒരോർമ്മയായി മാറി ... 
എങ്കിലും 
കാലമിത്രയും മാറിയിട്ടും ഇത്തരം ചില insecure feelings മാത്രം മാറ്റമില്ലാതുണ്ട് .... നഗ്നതയെ കുറിച്ചുള്ള ഭയം,  സമൂഹ മധ്യത്തിൽ അപമാനിക്കപ്പെടുമോ എന്ന  ഭയം , എല്ലാരും എന്നെ കുറിച്ച്  എന്ത് വിചാരിക്കുമെന്ന പേടി ....

ഒരു പക്ഷെ പെൺകുട്ടികൾ ജീവിതകാലം മുഴുവൻ പേറുന്ന ഈ insecure ഫീലിങ്ങ്സ് അവരുടെ ചെറുപ്പകാലത്തെ ചെറു ഭയങ്ങളിനിന്നും ഉരുത്തിരിഞ്ഞതാകാം ... അല്ലെങ്കിൽ സമൂഹം കൽപ്പിച്ച് കൊടുക്കുന്നതാവാം ... 

എന്ത് കുന്തമായാലും ആണായാലും പെണ്ണായാലും കുട്ടികൾ Brave, Bold and Confident ആയി വളർന്നുവരുവാൻ നാം സാഹചര്യം ഒരുക്കണം ... ആരോഗ്യപരമായ ഒരു സമൂഹത്തിന് ആരോഗ്യപരമായ ഒരു മനസ്സ് ഉണ്ടായേ മതിയാകൂ ...
                                                                                


Morning Thoughts


▬▬▬▬▬▬▬▬▬▬▬
┇┇┇ ꧁͜͡꧂꧁͜͡꧂ ┇┇┇

🍁 🍁🌷 ശുഭചിന്ത🌷🍁🍁
┇┇┇ ❣️🍃  🍃 🍃❣️ ┇┇┇
പല പ്രശ്നങ്ങൾക്കും മൗനം ഒരു പരിഹാരമാവാറുണ്ട് ... 
എന്നാൽ നീണ്ടു നിൽക്കുന്ന മൗനം 
പല ബന്ധങ്ങൾക്കും മായാത്ത മുറിവേൽപ്പിക്കാറുണ്ട്... 
മരണമടഞ്ഞ പല പ്രണയങ്ങളുടെയും 
മരണകാരണം മൗനമായിരുന്നു....
മുറിവുണക്കുന്ന ... മൗനം ബേധിക്കുന്ന.... 
നല്ല ബന്ധങ്ങളുടെ പുനർജന്മമാവട്ടെ  ഇന്ന് ...
  🌷🌷 ശുഭദിനം🌷🌷
 ▀█▓▓▒▒░▒▒▓▓█▀
       ▀█▓▓▒▓▓█▀
             ▀█▓█▀
                   ▀

Monday, 25 May 2020

Morning Thoughts

▬▬▬▬▬▬▬▬▬▬▬
┇┇┇ ꧁͜͡꧂꧁͜͡꧂ ┇┇┇

🍁 🍁🌷 ശുഭചിന്ത🌷🍁🍁
┇┇┇ ❣️🍃  🍃 🍃❣️ ┇┇┇

നമുക്ക് വസിക്കാൻ ഏറ്റവും അനുയോജ്യമായ ഭവനം സ്നേഹിതരുടെ ഹൃദയങ്ങളാണ്. എത്രത്തോളം സ്നേഹിതരെ നാം സമ്പാദിക്കുന്നുവോ അത്രമാത്രം സ്നേഹഭവനങ്ങളുടെ ഉടമകളാണ് നാം. 
ഒരു പുഞ്ചിരിയിലൂടെയും , "സുഖമാണോ?" എന്ന ചെറു അന്വേഷണത്തിലൂടെയും വരെ ഇത് സാധ്യമാണെന്നിരിക്കെ എന്തിനു നാം മടിക്കണം...
ഒരുപാട് സ്നേഹഭവനങ്ങളൊരുക്കുവാൻ ഇന്നത്തെ ദിവസം സാധ്യമാവട്ടെ.

  🌷🌷 ശുഭദിനം🌷🌷
 ▀█▓▓▒▒░▒▒▓▓█▀
       ▀█▓▓▒▓▓█▀
             ▀█▓█▀
                   ▀

Sunday, 24 May 2020

Morning Thoughts

▬▬▬▬▬▬▬▬▬▬▬
🍁 🍁🌷ശുഭചിന്ത🌷🍁🍁
┇┇┇ ❣️🍃  🍃 🍃❣️ ┇┇┇

വിവാഹം വില്പനയാകുമ്പോൾ 
വിഷപ്പാമ്പുകൾ നിങ്ങളെ നയിക്കും... 
പണമല്ല പ്രണയമാകട്ടെ 
നമ്മെ മുന്നോട്ട് നയിക്കുന്നത്

  🌷🌷 ശുഭദിനം🌷🌷
 ▀█▓▓▒▒░▒▒▓▓█▀
       ▀█▓▓▒▓▓█▀
             ▀█▓█▀
                   ▀


Friday, 10 April 2020

Morning Thoughts

​​എന്തുകൊണ്ടായിരിക്കാം ദുഃഖവെള്ളി ഒരു ഗുഡ് ഫ്രൈഡേ ആകുന്നത്?
 
കാരണം  അത് നന്മയുടെ, പ്രതീക്ഷയുടെ, ആശ്വാസത്തിന്റെ,  സാന്ത്വനത്തിന്റെ, ഒരു നല്ല ആരംഭമായിരുന്നു.   

എല്ലാവർക്കും നന്മ വരണമെന്ന് മാത്രം ആഗ്രഹിച്ച, എന്നും നല്ലതുമാത്രം ചെയ്ത മുപ്പത്തിമൂന്ന് വയസ്സ് മാത്രം  പ്രായമുള്ള ഒരു യുവാവ്  ലോകത്തിനാൽ ഏറ്റവും  വെറുക്കപ്പെട്ട്, ഒറ്റപ്പെട്ട് , താൻ ഏറ്റവുമധികം  സ്നേഹിച്ചവരാൽ  വധിക്കപ്പെട്ട് , തകർന്നു പോയിടത്ത് നിന്ന് ഇന്ന് ലോകത്തിന്റെ മുഴുവൻ  പ്രത്യാശയുടെ പ്രതീകമായി ഉയർത്തപ്പെട്ടതിന്റെ ഓർമ്മയാണ് ഈ ദിവസം. 

ആ യുവാവ് കടന്നുപോയ വേദനകൾ നമ്മുടെ പ്രശ്നങ്ങളുമായി ഒന്നു താരതമ്യം  ചെയ്ത് നോക്കൂ...
തന്റെ  നന്മകളും  സ്നേഹവും  മതിയാവോളം  ആസ്വദിച്ചിട്ട്  ഓശാന പാടിയവർ തന്നെ അതേ നാവുകൊണ്ട് അവനെ ക്രൂശിക്കുക എന്ന് ഒരു മടിയുമില്ലാതെ ആർത്ത് ഏറ്റ് വിളിച്ചപ്പോഴും,  തന്റെ  ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ  മൂന്നുതവണ തള്ളി പറഞ്ഞപ്പോഴും, മറ്റൊരു സുഹൃത്ത് കേവലം കുറച്ച് നാണയങ്ങൾക്ക് വേണ്ടി ചതിച്ച് ഒറ്റിയപ്പോഴും, തന്നെ ആരാധനയോടെ മാത്രം നോക്കിയ നാട്ടുകാരുടെ  മുന്നിലൂടെ  നഗ്നനാക്കി അപമാനിക്കപ്പെട്ടപ്പോഴും  ആ യുവാവ് വേദനകൊണ്ട് എന്തുമാത്രം  പുളഞ്ഞിട്ടുണ്ടാകും?  

പക്ഷേ അദ്ദേഹം ഒരിക്കലും ആ വേദനയിൽ മടുത്തൂ എന്ന് പറഞ്ഞിട്ടില്ല,
തന്നെ ദ്രോഹിച്ചവരെ പോലും സ്നേഹിക്കുന്നതിൽ നിന്നും വിരമിച്ചിട്ടില്ല, മരിക്കുമ്പോഴും പുഞ്ചിരിയോടെ അവർതന്നെ ദ്രോഹിക്കുന്നത് അവരുടെ അറിവില്ലായ്മ ആണെന്ന് മനസ്സിലാക്കി ക്ഷമിക്കണം എന്നാണ് പറയുന്നത്. ആർക്ക് സാധിക്കും  ഇതുപോലൊക്കെ ജീവിക്കുവാൻ? 

പക്ഷെ സാധിക്കുമെന്നാണ് ഈ യുവാവിന്റെ ജീവിതം  നമ്മെ പഠിപ്പിക്കുന്നത്. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിന് മാതൃകയും പ്രതീക്ഷയുമാണ് ഈ യുവാവിനെ ജീവിതം. സമൂഹ മാധ്യമങ്ങളിൽ ഇന്ന് നമ്മെ പ്രോത്സാഹിപ്പിക്കുന്നവർ നാളെ ട്രോളി കൊല്ലാകൊല ചെയ്തേക്കാം, എന്നാൽ  എത്രയൊക്കെ യാതനകൾ നിരാശകൾ ഉണ്ടായാലും കരഞ്ഞു കരഞ്ഞു തളരാതിരിക്കുക.  നാം  ഏറ്റവുമധികം  സ്നേഹിക്കുന്നവർ ചിലപ്പോൾ നമ്മുടെ സ്നേഹം  മനസിലാക്കാതെ അവഗണിച്ച് തള്ളി പറഞ്ഞേക്കാം  അപ്പോൾ  അവരെ സ്നേഹിക്കുന്നതിൽ   മടുപ്പ് തോന്നാതിരിക്കുക, അവർ അവഗണിക്കുന്നതിന്റെ മൂല്യം  അവർ അറിയുന്നില്ലെന്ന് ഓർത്ത് അവരോട് ക്ഷമിക്കുക. കേവലം  നിസാര കാര്യലാഭങ്ങൾക്കായി നമ്മുടെ ആത്മാർത്ഥ ചങ്ങാതിമാർ  നമ്മെ ചതിച്ച് ഒറ്റികൊടുത്തിട്ടുണ്ടാകാം , എല്ലാവരും  കൂടി ക്രൂശിച്ച് പരിഹസിച്ചിട്ടുണ്ടാകാം   അപ്പോഴെല്ലാം  ഉള്ളിൽ മരിക്കുമ്പോഴും പുഞ്ചിരിയിൽ എല്ലാം നേരിടുക. 

ഏത് പ്രശ്നങ്ങൾക്ക് നടുവിലും ഒന്നോർക്കുക  ഇതിലും  എത്രയോവലിയ വേദന ഏറ്റ് വാങ്ങി നമ്മുടെ പ്രതീക്ഷകളെ ഉയർപ്പിച്ചവനാണ് ആ യുവാവ്. സ്നേഹിതരാൽ  കുരിശിലേറ്റപ്പെട്ട ആ യുവാവിന്റെ  വിരിച്ച കൈകൾ  നമ്മെ  ആലിംഗനം ചെയ്യാൻ, മാറോടണയ്ക്കാൻ കാത്തിരിക്കുന്നു.

Sunday, 1 March 2020

Morning Thoughts

ജീവിതം മധുരമാകാനാണ് ഏവർക്കുമിഷ്ടം ... അതിനായാണ് സ്വപ്നം കാണുന്നത് ... എന്നാൽ മഴവില്ലിനേഴഴകെന്നപോലെ ജീവിതം പൂർണ്ണമാക്കുന്നത് അതിലെ എരിവും പുളിയുമുള്ള ജീവിതാനുഭവങ്ങൾ കൂടിയാണ് ... എല്ലാം പാകത്തിന് ചേരുമ്പോൾ മധുരംമാത്രമാവുന്നതിനേക്കാൾ രുചിയാണ്...

ജീവിതം കൂടുതൽ രുചികരമാകുന്നത് സമൃദ്ധിയുടെ മധുരത്തിൽ മാത്രമല്ല ... പ്രാരാബ്ദങ്ങളുടെ എരിവും ... സ്നേഹത്തിന്റെ കുളിരും ... ക്ഷമയുടെയുപ്പും കൂടി ചേരുമ്പോഴാണ് ...

കാണുന്നവരുടെകൂടെ വായിൽ വെള്ളമൂറ്റുന്ന പുളിപോലെ ചുറ്റുമുളളവരിലെല്ലാം സ്നേഹരസം പടർത്താൻ സാധിക്കട്ടെ ഈ നല്ല ദിനത്തിൽ

☀️ ശുഭ ദിനം☀️

Friday, 28 February 2020

Morning Thoughts

ഓർമകൾ ... 

ചിരിച്ച കാലമോർത്ത് കരയാനും ... കരഞ്ഞ കഥകളോർത്ത് ചിരിയ്ക്കാനും ... 

ഒട്ടൊരു നോവോടെ ഇടയിലെവിടെയോ വിട്ടുപോയ ചില നിമിഷങ്ങളോർത്ത് വിങ്ങാനും ...

ഓർമ്മകളാണ് ജീവിക്കുന്നതും ... നമ്മെ ജീവിപ്പിക്കുന്നതും .... 
ഇനി വരുന്ന ഓരോ നിമിഷവും വരുംകാലങ്ങളിലേക്കുള്ള ഓർമകളാണെന്നോർക്കുക ....

നഷ്ടമാക്കരുതൊരു നിമിഷവും ... ചില വാക്കുകളിലൂടെയോ വാശികളിലൂടെയോ നാം നഷ്ടമാക്കുന്നവ പിന്നീടുള്ള അമരത്വമുള്ള ഓർമകളിൽ ഉണങ്ങാനാവാത്ത മുറിവാകാനിടയുണ്ട് ...
വീണ്ടെടുക്കാനാവാത്ത വിടവാകാനിടയുണ്ട് ...

ഓർമകൾ നിർമ്മിക്കുക .... സൗഹൃദത്തിന്റേയും .... സ്നേഹത്തിന്റേയും ... പ്രണയത്തിന്റേയും ...
 നന്മ നിറഞ്ഞ നിമിഷങ്ങളാകട്ടെ  ഓർമ്മചെപ്പിലെ ഓരോ മുല്ലമൊട്ടുകളും ...

☀️ ശുഭ ദിനം☀️

Wednesday, 26 February 2020

Morning Thoughts

ജീവിതം നാം ആഗ്രഹിക്കുന്നതു പോലെ ഒരു പൂങ്കാവനമായിരിക്കില്ല എല്ലായ്പ്പോഴും ... എല്ലാ സൗഭാഗ്യങ്ങളുടെ നടുവിലും ചില പ്രശ്നങ്ങൾ പുഴുക്കുത്ത് പോലെ നമ്മെ അലോസരപ്പെടുത്തും ... 

എല്ലാം അംഗീകരിക്കാനുള്ള മനസ്സാണ് നമുക്ക് വേണ്ടത് ... ഉള്ളത് മതി എന്ന് വിചാരിക്കണം. ഓർക്കുക വരുമ്പോൾ നാം ഒന്നും കൊണ്ടുവന്നിട്ടില്ല .... ഇപ്പോൾ ഉള്ളതെല്ലാം നമുക്ക് കിട്ടിയതോ അധ്വാനിച്ച് നേടിയതോ മാത്രമല്ല ദൈവദാനം കൂടിയാണ് ... 

റോസാപ്പൂവിനെ മുള്ളുകൾ സംരക്ഷിക്കുന്നതു പോലെ  കൂടെയുള്ളവരെ ഏതൊരു വിഷമസന്ധിയിലും സംരക്ഷിച്ച് കൂടെ നിർത്താനുള്ള ഉത്തരവാദിത്തം നമുക്കുണ്ട് ...
 
റോസാ പൂ പോലെ നന്മയുടെ അഴകോടെ സ്നേഹ സൗരഭ്യം പടർത്തി ജീവിക്കുക ... ശാന്തമായി ഒഴുകുന്ന നദി  പോലെ ഏതൊരു പ്രശ്നത്തിന്റെ നടുവിലും ഇരു കരകളേയും പച്ചപിടിപ്പിച്ച് ... ജീവജാലങ്ങൾക്ക് കുടിനീർ നൽകി നമ്മുടെ ജീവിതം  അർത്ഥപൂർണ്ണമാക്കാൻ സാധിക്കട്ടെ ...

Morning Thoughts

ഒരു പൂമൊട്ടായിരുന്ന  പ്രണയം  സൂര്യ കിരണങ്ങളേറ്റു വിടരാൻ വെമ്പുകയാണ് ... വിടർന്ന പൂവിന്റെ പ്രതീക്ഷകൾ ഉച്ചവെയിലേറ്റ് വാടാതിരിക്കട്ടെ ...

Wednesday, 19 February 2020

Morning Thoughts

ചില കുഞ്ഞുകുഞ്ഞു പിണക്കങ്ങൾ സ്നേഹ കൂടുതൽ കൊണ്ട് ഉണ്ടാകാറുണ്ട്... ശല്ല്യ മാവേണ്ടെന്ന കരുതലാണ് ഒരു വശമെങ്കിൽ മറുവശം 'പിണക്കമെങ്കിൽ വിഷമിപ്പിക്കേണ്ട' എന്ന തോന്നലാകും.... 

പിന്നെ ആരാദ്യം മിണ്ടുമെന്ന വാശിയാകും...

ഇടയിലുണ്ടാക്കുന്ന ഈ മൗനം വിടവാകുന്നതിന് മുൻപ് വിട്ടുകൊടുക്കുക...

ഒരു ചിരിക്കോ , ഒരു 'ഹായ്' ക്കോ അലിയിച്ചു കളയാനാവാത്ത മൗനവും പിണക്കക്കവും ഈ സ്നേഹ ലോകത്തില്ല...

പരാതി പരിഭവ പിണക്കങ്ങളേതുമില്ലാതെ നറുപുഞ്ചിരിയോടെ വാടാതെ സൗരഭ്യം പരത്തി നിൽക്കുന്ന ഈ കുഞ്ഞു പുഷ്പം പോലെയാക്കട്ടെ നമ്മുടെ ഈ ദിവസം

☀️ശുഭദിനം🌻

Sunday, 16 February 2020

Morning Thoughts

​​

വെട്ടിയൊരുക്കപ്പെട്ടപ്പോഴും പുതിയ സ്ഥലത്തേക്ക് പറിച്ചുനട്ടപ്പോഴും റോസാ പൂവിന് സങ്കടമായിരുന്നു... എന്നാൽ ഒരു ദിവസം പ്രഭാത സൂര്യനോട് വിടർന്ന പൂവുമായി കുശലം പറയുമ്പോഴാണ് തനിക്ക് ചുറ്റും സൗരഭ്യം പടർത്തുന്നത് തന്നിൽ നിന്നുണ്ടായ പൂന്തോട്ടമാണെന്ന് റോസാ പൂ തിരിച്ചറിഞ്ഞത്...

ചില കാര്യങ്ങൾ ഇങ്ങനെയാണ്... പ്രതീക്ഷകൾ, സ്വപ്നങ്ങൾ എന്നിവയ്ക്കെല്ലാം മാറ്റങ്ങൾ വരുമ്പോൾ നാം തളർന്നു പോകാനിടയുണ്ട്.. പക്ഷെ ഓർക്കുക... മാറ്റങ്ങളാണ് വളരുവാനും വിടരുവാനും പുതിയ ജീവിതം തുടങ്ങുവാനും നമ്മെ സഹായിക്കുന്നത്....

ശുഭദിനം

Saturday, 26 October 2019

പഠിക്കാത്ത പാഠം

🌹🌞 Morning Thoughts🌞🌹

പുട്ടിനേ പോലെയാണ് ജീവിതം... പിറകിൽ നിന്ന് ആരുടെയെങ്കിലുമൊക്കെ കുത്തുകളും കുത്തുവാക്കുകളും  കിട്ടിയാലേ അതിന് പൂർണ്ണത കൈവരികയുള്ളൂ.... 
പ്രതീക്ഷിക്കാതെ ചില സാഹചര്യങ്ങളിൽ അകാരണമായി ഒറ്റപ്പെടുത്തപ്പെടുമ്പോൾ  സങ്കടപ്പെടേണ്ടതില്ല.. പുട്ടിന് സ്വാദ് കൂടാൻ തേങ്ങ ചേർക്കുന്ന പോലെ അതുമൊരു ജീവിത പാഠമാണ്.. ജീവിതാനുഭവങ്ങളുടെ പുസ്തകത്തിന് പൂർണ്ണത കൈവരുവാൻ നാം ഇങ്ങനെ പല പാഠങ്ങളിലൂടെ കടന്നു പോകേണ്ടി വരും... 
ആത്മവിശ്വാസം കൈമോശം  വരാതെ മുന്നേറുക

                    ശുഭദിനം

Monday, 21 October 2019

അങ്ങനെ ഒരു ദിവസം...

😃
Good morning...
ഒരു ദിവസം ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിലൊന്നാണ്...

അതെന്താണ് ഗുഡ് ഡേ എന്ന് പറഞ്ഞാൽ... രാവിലെകൾ മാത്രം സുന്ദരമായാൽ മതിയോ? 

ഇന്നത്തെ എന്റെ സുന്ദരമായ ദിവസം ഒന്ന് ഓർത്തെടുക്കട്ടെ...

രാവിലെ  എണീക്കാൻ  ഒരിച്ചിരെ താമസിച്ചു... അതോണ്ട് ചെറുതായി കുളി ഒഴിവാക്കേണ്ടിയും വന്നു... കാക്ക കുളിച്ചാൽ കൊക്കാകില്ലലോ? പിന്നെന്തിന് അതിനായി സമയം കളയണം   എന്നാണ് എന്റെയൊരു  ഇത്.. എന്തായാലും പ്രഭാത ഭക്ഷണം (കട്ടൻ ചായയും പുട്ടും) കഴിക്കാതെ ഓടേണ്ടി വന്നു... ചാടി തുള്ളി ചെരുപ്പിൽ കാലു കയറ്റിയപ്പോൾ വള്ളി പൊട്ടിയ ട്രൗസർ പോലെ ചെരുപ്പിന്റെ മുൻഭാഗം തള്ളവിരലിനോട് കൊതികുത്തി ഉപ്പൂറ്റിയുമായി കൂട്ട് കൂടാൻ പോയേക്കുന്നു.... എന്തൊരു കഷ്ടം... രണ്ട് പ്രളയത്തെ അതിജീവിച്ച എന്റെ പ്രീയ പാദരക്ഷ ഈ സമയമില്ലാ സമയത്ത് എന്നെ തേച്ചിട്ട് പോകുമെന്ന് തീരെ നിനച്ചില്ല... എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട എന്നയെന്റെ ഭാവം കണ്ട അനിയൻ  (നിസ്സഹായ ഭാവമെന്നാണ് കണ്ടവർ പറഞ്ഞതെങ്കിലും) അവന്റെ സ്കൗട്ടിന്റെ ഷൂ എന്റെ ദുരിദാശ്വാസത്തിനായി നൽകി അവന്റെ വിശാല മനസ്സ് കുടുംബത്തിന് മുൻപിൽ തെളിയിച്ചു...

എന്റെ കാലിനേക്കാൾ വലുതാണെന്റെ അനിയന്റെ ഷൂ എന്നൊരൽപ്പം കുശുമ്പോടെ ഞാൻ തിരിച്ചറിഞ്ഞു..

എന്തായാലും അതും വലിച്ച് കയറ്റി ഒരു സർക്കസ് കാരന്റെ വൈദഗ്ദ്യ ത്തോടെ മഴയിൽ തെന്നിതെറിച്ച് കിടക്കുന്ന കാപ്പിത്തോട്ടത്തിലൂടെ... തെന്നി വീഴാതെ , എട്ടുകാലി വലയിൽ കുടുങ്ങാതെ ഒരു വിധം റോഡരുകിൽ സ്വന്തം ശകടത്തിന്റെയടുത്തെത്തി.... 

ആ പാവത്തിനെ ഒന്നു കുളിപ്പിച്ച് തോർത്താത്തതിന്റെ പേരിൽ പിള്ളേരുടെ കളിയാക്കലുകൾ ഒത്തിരി കേട്ടതാണ്... എങ്കിലും ആരും തൊടാൻ മടിക്കുന്നത്ര പൊടിയുള്ള എന്റെ ശകടത്തിൽ ഒരു വിരുതൻ കല്ലുകൊണ്ട് അവന്റെ പേര് രേഖപ്പെടുത്തിയത്... ആ പൊടിയിലും ശിലാലിഖിതം പോലെ തിളങ്ങുന്നുണ്ടായിരുന്നു....

തലയോട്ടിക്ക്  നാണം തോന്നുന്ന വിധത്തിൽ ഫോസിലായ... എന്നാൽ എന്റെ മഹനീയ തലയേ രണ്ട് വട്ടം ചിതറാതെ ... ഉള്ളിലുള്ള കളിമണ്ണ് പുറത്ത് പോയി നാണം കെടാതെ സംരക്ഷിച്ച ... എന്റെ എറ്റവും വിശ്വസനീയനായ ഹെൽമറ്റിനാൽ കിരീട ധാരണം നടത്തി, അശ്വാരൂഡനായ ബാഹുബലിയേ പോലെ 8 മണി മുതൽ 9 മണി വരെ അങ്കം കുറിച്ചിട്ടുള്ള VHSE യിലെ പ്രീയ വിദ്യാർത്ഥികളുടെയടുത്തേക്ക് ഞാൻ യാത്രയായി... ശുഭാരംഭ സൂചനയായി ഹെൽമറ്റിനുള്ളിൽ ഡേറ്റിംഗിന് വന്ന രണ്ട് കുഞ്ഞു പൂമ്പാറ്റകൾ ഹെൽമറ്റിനും മൂക്കിനും ഇടയിലുള്ള വിടവിലൂടെ പറന്ന് പോയി... പരിശോധിക്കാതെ ഹെൽമറ്റ് 
തലയിൽ കയറ്റിയതിന്റെ പിണക്കം കൊണ്ടോ മറ്റോ വണ്ടി ഓടിച്ചോണ്ടിരിക്കുമ്പോൾ ഒന്നു പേടിപ്പിച്ചിട്ടാണ് അവ പറന്ന് പോയത്...
ഇനിയുള്ള കഥ ചുരുക്കി പറഞ്ഞാൽ
   അസാപ്പ് പിള്ളേരോട് കഥ പറഞ്ഞ് സമയം പോയാൽ 9:30 നു പ്രയർന് മുൻപ് സ്കൂളിൽ എത്താൻ പറ്റില്ല... 10.30 ആകുമ്പോഴേക്കും വിശപ്പ് തുടങ്ങും 11 മണിക്ക് സ്റ്റാഫ് റൂമിൽ നല്ല കടി കണ്ടാൽ സന്തോഷം ... ബെല്ലടിക്കുന്നതിന് മുൻപ് അത് തീർക്കണം.. ചായ... ങ്ങും... പിന്നെ ഉച്ചവരെ പിന്നേയും അങ്കം... ഉച്ചയ്ക്ക് പിള്ളേരെ തീറ്റിച്ച് ഇരുത്തുമ്പോഴേക്കും ഒരു വശമാകും... പിന്നെ ഏതു ബഞ്ചിന്റെ കൂടെ ഇരിക്കണം എന്ന കുട്ടിവഴക്കുകൾ തീർത്ത് ഏതെങ്കിലുമൊരു ടീമിന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കണം... അതിനിടക്ക് സ്നേഹം മൂത്ത പിള്ളേർ ഉരുട്ടി കുഴച്ച് കൊണ്ടുവന്ന് പാത്രത്തിലേക്ക് ഇടുന്ന കറികൾ അവരുടെ മുന്നിൽ വച്ച് തിന്ന് കാണിക്കണം... പലപ്പോഴും തിന്നത് മതിയാക്കി സ്നേഹപൂർവ്വം ഓടി രക്ഷപ്പെടണം... ഉച്ചകഴിഞ്ഞ് ഇച്ചിരി നേരത്തേയെത്തി അടിച്ച് വാരണം... ഇതിനിടയിൽ വരുന്ന ഒരായിരം പരാതികളും  പരിഭവങ്ങളും ... രോഗീ ശുശ്രൂഷകളും... കൂടാതെ പെട്ടെന്ന് ചെയ്ത് കൊടുക്കേണ്ടി വരുന്ന ചില സഹായ അഭ്യർത്ഥനകളും..

പൂര വെടിക്കെട്ടിനിടയിൽ സ്വകാര്യം പറയുന്ന പോലെ വൈകിട്ടത്തെ ക്ലാസുകൾ... LS S ഓർക്കുമ്പോൾ പരവേശം...  ഒരൽപ്പം വെള്ളം കുടിക്കണമെന്നോർക്കുമ്പോഴേക്കും സ്കോളർഷിപ്പുകൾ, മേളകൾ, പെർഫോർമകൾ, റിപ്പോർട്ട് തയ്യാറാക്കൽ ... എന്നിങ്ങനെ ഒരിക്കലും തീരാത്ത കുറേ കംമ്പ്യൂട്ടർ പണികളും ..

അതിനിടയിൽ വീടുപണിയുടെ ചിന്തകൾ... പരിഹാരം കണ്ടെത്തൽ... ഫോൺ കോളുകൾ... സാമ്പത്തീക പ്രശ്നങ്ങൾ....

ഉടൻ വരുന്നു മെയിൽ അസാപ്പ് വക  SDE forum meet ... discussion... Class schedule etc.

എന്തായാലും 8 മണിക്ക് വീടെത്തി...

മറന്നു പോയവ

വൈകിട്ടത്തെ ചായ
പൊട്ടിയ ചെരുപ്പ് മാറ്റാൻ
നോവേനക്ക് പോകാൻ

ഇനി ഞാനുറങ്ങട്ടെയെന്ന് പറയാൻ ഇനിയുമൊരുപാട് ജോലികൾ ബാക്കി...

Wednesday, 16 October 2019

ഇഞ്ചരാച്ച... ഒരു വെറൈറ്റി കല്ല്യാണാലോചന

വൈകുന്നേരത്തെ ഇന്റർവൽ സമയം... വലിയൊരങ്കം കഴിഞ്ഞ് അടുത്ത യുദ്ധത്തിന് കോപ്പുകൂട്ടാനായി   കുറച്ചു നേരം തൊണ്ടയ്ക്കും കാലിനും വിശ്രമം നൽകാമെന്നോർത്ത് ചോക്കു പൊടിപോലും തട്ടാതെ നാലാം ക്ലാസിലെ കസേരയിലേക്ക് വെട്ടിയിട്ട വാഴ പോലെ ഒന്ന് ചാഞ്ഞതേയുള്ളു..  പെട്ടെന്ന് തന്നെ ക്ലാസിലെ പ്രശ്നക്കാരി മിൻഹയും ടീമും " ഷെല്ലി മാമാ... " നും വിളിച്ച് എവിടുന്നോ ചാടി വീണു.. (ഒരു ദിവസം കുറഞ്ഞത് ഒരു 6 പ്രശ്നങ്ങളെങ്കിലും ഉണ്ടാക്കുന്ന  മിൻഹാ P യുടെ  പേരിനെ കുട്ടികളാണ് പരിഷ്ക്കരിച്ച് പ്രശ്നക്കാരി മിൻഹാ എന്നാക്കി മാറ്റിയത്) 

വിളി കേട്ടപ്പോ തന്നെ ഈ വൈകിട്ട് ഇവളിനി എന്തൂട്ട് പ്രശ്നമുണ്ടാക്കാൻ പോകുവാണെന്ന വേവലാതിയോടെ ഞാൻ തിരിഞ്ഞ് നോക്കി..

"സാറെ നിങ്ങ്ക്ക് കുട്ട്യോള് ണ്ട്?"
( സാറെ ന്നാണ് വിളി... സമാധാനം... സംഗതി സീരിയസാണ് അല്ലേൽ ഷെല്ലിമാമാ വിളിയാണ് പതിവ്)

''പിന്നേ.. എനിക്ക് 54 കുട്ടികളുണ്ട്"

"പോ സാറെ... ഞാടെ കാര്യല്ല ... ഇങ്ങക്ക് സ്വന്തം കുട്ട്യോളി ല്ലാ?"

"ഇല്ല ലോ "

"അയെന്താ... ഇങ്ങ് ള് കെട്ടീക്കീല്ലാ? "

"ഇല്ല.. "

ഒരു ഗൂഡ സ്മിതത്തോടെ ആ കുരുപ്പുകൾ കുശുകുശുക്കാൻ തുടങ്ങി...

ഇവരിതെന്തിന്റെ പുറപ്പാട്ടാണെന്നോർത്ത് ഞാനും

"സാറെ ഞാനൊരണം കൊണ്ടരട്ടെ"

"മാണ്ട "

" അയെന്താ?"

" മാണ്ടാത്തോണ്ട് "

" അയല്ല ങ്ങളെക്കാളും നല്ല ജോലിയാ"

ഒരൽപ്പം കുശുമ്പോടെ ടീച്ചറു ജോലിയേക്കാൾ നല്ല ജോലിയേതാണെന്ന ഭാവത്തിൽ ഞാൻ അവരെ നോക്കി

"ഇഞ്ചരാര... ച്ചെ അയല്ല ഇഞ്ചരാച്ച... ശ്ശോ എന്നാടീ അത്?"

പരാജയ ഭാവത്തിൽ മിൻഹ കൂട്ടത്തിലെ പഠിപിസ്റ്റായ നസ്റിയയേ നോക്കി

" ഡീ അത് എഞ്ചിനീയർ ന്നാ പറയ്യാ "

മനസമ്മതത്തിന്റെയന്ന് വൈദികൻ ഈ കുട്ടിയെ കെട്ടാൻ നിനക്ക് സമ്മതമാണോ? എന്ന് ചോദിച്ച് മറുപടി കാത്ത് നിൽക്കുന്ന പോലെ ഒരുപറ്റം കുസൃതി പിള്ളേർ എന്റെ മറുപടിക്കായി ആകാംക്ഷയോടെ കാത്ത് നിൽക്കുകയാണ്
ഇനിയും വൈകിയാൽ ഈ കുരിപ്പുകൾ സ്കൂളുവിടുന്നതിന് മുൻപ് എന്റെ കെട്ട് നടത്തുമെന്ന് തോന്നിയതിനാൽ കാര്യങ്ങൾ കൈവിട്ട് പോകുന്നതിന് മുൻപ് ഞാനെന്റെ അവസാനത്തെ അടവ് പുറത്തെടുത്തു..

" വൺ... ടൂ.... ത്രീ... ഫ്രീസ്... ക്ലോസ് യുവർ ലിപ്സ് ആൻഡ് ടൈ യുവർ ഹാൻഡ്സ് "

ഭാഗ്യം ബെല്ലടിച്ചു... ക്ലാസ് അണ്ടർ കൺട്രോൾ

ശുഭം