Tuesday 26 May 2020

ഒരു മറുകിന്റെ ഒന്നാം ക്ലാസ്സ് കഥ


കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്കൂളിൽ അഡ്മിഷൻ എടുക്കാൻ വരുന്ന മാതാപിതാക്കളെ കാണുന്നു. 
ലോക്ക് ഡൗൺ ആയതിനാൽ കുട്ടികൾ കൂടെയില്ല... 
ഫോം പൂരിപ്പിക്കുമ്പോൾ കുട്ടിയുടെ birth mark  അഥവാ മറുക് രേഖപ്പെടുത്തേണ്ടി വരുമ്പോൾ പലരും വിയർക്കുന്നത് രസമുള്ളൊരു കാഴ്ചയാണ്... "എന്റെ വാവയെ പറ്റി എനിക്കെല്ലാം അറിയാം" എന്ന ഡംബിൽ  വരുന്നൊരെല്ലാം തന്റെ കൊച്ചിന്റെ മറുക് എവിടാന്ന് അന്ധാളിക്കുന്നതും, വീട്ടിലേക്ക് വിളിച്ച്  അടിമുടി പരിശോധിപിച്ച്  കണ്ടെത്തി  ഉറപ്പുവരുത്തുന്നതുമെല്ലാം കണ്ടപ്പോൾ ഞാനും ചില പഴയ ഓർമകളിലേക്ക് മടങ്ങി....

ഞാനിപ്പോൾ  അധ്യാപകനായി ആസ്വദിക്കുന്ന ഈ ദ്വാരക എ.യു.പി സ്‌കൂളിലേക്ക് അക്ഷരാർത്ഥത്തിൽ പിച്ചവെച്ച് വന്നത് പപ്പയുടെ കയ്യിൽ തൂങ്ങി ഒഴുകുന്ന കണ്ണീരോടും പിടക്കുന്ന ഹൃദയത്തോടുമായിരുന്നു...
ഒന്നാം ക്ലാസിൽ ചേരാൻ ...

നേഴ്‌സറി സ്കൂളിൽ പോയ തിക്താനുഭവത്തിൽ നിന്ന് സ്‌കൂൾ അത്ര രസമുള്ളയൊരു ഏർപ്പാടല്ലെന്ന് അന്നത്തെ കുഞ്ഞെനിക്ക് അറിയാമായിരുന്നു ...

മാനന്തവാടിയിലെ  എൽ.എഫ്. യൂപി സ്‌കൂളിലായിരുന്നു ആദ്യമായി അഡ്മിഷന് ശ്രമിച്ചത് ... ജീവിതത്തിലെ ആദ്യത്തെ ഇന്റർവ്യൂ അവിടെ നിന്നായിരുന്നു.... തുടക്കം ഗംഭീരമായി ..... ഒരു കുഞ്ഞു മണ്ടനായി മുദ്രകുത്തപ്പെട്ട് അഡ്മിഷൻ കിട്ടാണ്ട്  മടങ്ങേണ്ടി വന്നു ...

നാലാം ക്ലാസ്സും ഗുസ്തിയുമായിരുന്ന പപ്പയുടെ വീരകഥകളുറങ്ങുന്ന ഈ ആത്മ വിദ്യാലയത്തിൽ മകനായ എനിക്ക് അഡ്‌മിഷൻ കിട്ടാത്തത് കൊണ്ടോ , അതോ കന്നിയങ്കത്തിൽ തന്നെ വീരമൃത്യു വരിച്ച ഞാൻ ഒരു ലോക പരാജയമായി തീരാനുള്ളതിന്റെ ആദ്യ ചവിട്ടുപടിയാണോ ഇതെന്ന് പേടിച്ചോ മറ്റോ കണ്ണീരണിഞ്ഞ മാതാപിതാക്കളുടെ കയ്യിൽ തൂങ്ങി  പരാജയത്തിൽ വിജയ ശ്രീലാളിതനായി ഒത്തിരി സന്തോഷത്തോടെയാണ്  ഞാൻ വീട്ടിലേക്ക് മടങ്ങിയത് ... 

സ്‌കൂളെന്ന പേടിസ്വപ്നത്തിന് അറുതിയായെന്നോർത്ത് എന്റെ കൊച്ചുമനസ്സ് അന്നൊതിരി സന്തോഷിച്ചു. അതധികകാലം നീണ്ടുന്നില്ല നിന്നില്ല....

അങ്ങനെയാണ് ദ്വാരക എ.യു.പി സ്കൂളിലേക്ക് കയ്യിൽ തൂങ്ങി ഞാൻ എത്തി പ്പെടുന്നത് .... 

കുട്ടികളും മാതാപിതാക്കളുമെല്ലാം വരി വരിയായി നിൽക്കണ കണ്ടപ്പോൾ തെല്ലാശ്വാസം തോന്നി ....

 എനിക്ക് തോൽക്കാൻ വീണ്ടുമൊരു ഇന്റർവ്യൂ .... 

പക്ഷെ അതങ്ങനെയായിരുന്നില്ല ... അഡ്‌മിഷൻ ഫോം പൂരിപ്പിക്കാൻ നിൽക്കുന്ന വരിയായിരുന്നു അത് ... 

ഒരു ഇന്റർവ്യൂ വും ഇല്ല.... എല്ലാവർക്കും തുല്ല്യ അവസരം ... 

അണ്ടനും അടകോടനും കിട്ടിയ കൂട്ടത്തിൽ എനിക്കും കിട്ടി ഇവിടൊരു അഡ്‌മിഷൻ ...

അങ്ങനെ ഫോം പൂരിപ്പിക്കാൻ ഞങ്ങടെ ഊഴമെത്തി ... 

എം.പി സാർ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ ( അന്നും ഇന്നും എനിക്ക് എം.പി. സാറിന്റെ മുഴുവൻ പേരറിയില്ല)

സാർ പപ്പയോട്  ചോദിച്ചു " കുട്ടിയുടെ മറുകെവിടാ?"
കണ്ടെത്തി വച്ച കണ്ണിലെ കൃഷ്ണമണിയിലെ മറുക് പറഞ്ഞ് കൊടുത്തു.

തെളിവിനായി ഞാൻ സാറിനെ ഒന്ന് കണ്ണിറുക്കി കാണിക്കുകയും ചെയ്തു, പക്ഷെ സാർ കണ്ണിറുക്കുന്നതിനു പകരം കണ്ണുരുട്ടുകയാണ് ചെയ്തത്... ഞാൻ പേടിച്ചില്ല ..

"രണ്ടാമത്തെ മറുകെവിടാ പറയൂ?" 

ഇത്തവണ പപ്പ പേടിച്ചു ... അത് കണ്ടെത്തി വച്ചിട്ടില്ല ...

സാറും പപ്പയും കൂടി ഒരുവട്ടം പരിശോധന നടത്തി ... കാണാവുന്ന ഇടങ്ങളിലൊന്നും രണ്ടാമനെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല ....

 ഞാൻ കൂളായി ... രണ്ടാമത്തെ മറുകില്ലാത്തതിനാൽ അഡ്‌മിഷൻ കിട്ടാതെ പോകുന്ന നിമിഷമോർത്ത് എന്റെ കുഞ്ഞുമനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.

"ആ ... അവന്റെ ചന്തിയിലൊരു കറുത്ത മറുകുണ്ട് അത് മതിയോ സാറേ ?"

"ഓ...ധാരാളം എവിടെ കാണട്ടെ ?"

ഇടിത്തീ പോലെയാണ് ഇത് ഞാൻ കേട്ടത് ...
ഇത്തവണ ഞാൻ പേടിച്ചു ...

ചുറ്റും ഒരുപാട് പിള്ളേർ ... നാലാം ക്ലാസ്സിലെയോ ഏഴാം ക്ലാസിലെയോ ഒക്കെ ചേച്ചിമാർ പ്രയർ പാടാൻ നിൽക്കുന്നു... എന്റെ ക്ലാസ്സ്‌മേറ്റ് ആകാനിടയുള്ള കുഞ്ഞു സുന്ദരികളും സുന്ദരന്മാരും എന്നെ നോക്കി നില്കുന്നു ... 
ഞാൻ ചുറ്റും നോക്കി ... എന്നെ രക്ഷിക്കാനാരുമില്ല ... മാനഹാനിയുടെയും നാണക്കേടിന്റെയും ഭീങ്കര നിമിഷങ്ങളോർത്ത് എന്റെ കുഞ്ഞു ഹൃദയം നുറുങ്ങാൻ തുടങ്ങി ...

എന്റെ കുഞ്ഞു ചന്തിയോട് വേണോ ഈ അക്രമം എന്ന മട്ടിൽ നിസ്സഹായനായി കണ്ണീരോടെ ഞാൻ എല്ലാവരെയും നോക്കി...

 ഒരാളിവിടെ ഹ്രദയം നൊന്ത് വാവിട്ട് കരയുമ്പോൾ ഒരു മനഃസാക്ഷിയുമില്ലാതെ എല്ലാവരും എന്നെ കൗതുകത്തോടെ നോക്കി ചിരിക്കുന്നു . ഇത് കണ്ടപ്പോൾ എന്റെ സങ്കടം ഇരട്ടിച്ചു...

എന്റെ കുഞ്ഞു പ്രതിഷേധങ്ങളെ വിലവയ്ക്കാതെ ... എന്റെ കുഞ്ഞു ട്രൗസർ അരയിൽ നിന്നും വിട്ടുപോകുന്നത്... 
സമൂഹ മധ്യത്തിൽ വിവസ്ത്രനാക്കപ്പെടുന്നത് ....    ഹ്രദയത്തിലൂടെ ഒരു കൊള്ളിയാൻ മിന്നി പോകുന്ന പോലെ ഞാനറിഞ്ഞു. 

പിന്നെ ഒന്നും എന്റെ ഓര്മയിലില്ല ... 

തല കുമ്പിട്ട് മണലിനെയും സ്വന്തം കാൽപാദങ്ങളെയും നോക്കി ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തവനേപ്പോലെ വീട്ടിലേക്കു മടങ്ങുന്നതായാണ് പിന്നീടുള്ള ഓർമ്മ.

പിന്നീട് കുറെ കാലത്തേക്കെങ്കിലും എന്റെ പേടി സ്വപ്നമായിരുന്നു ആരെങ്കിലും മറുക്   ചോദിക്കുമോ എന്ന് ...

 ഏഴാം ക്ലാസിൽ ടി.സി മേടിക്കാൻ വരിയിൽ നിൽക്കുമ്പോൾ മറുകിന്റെ വെരിഫിക്കേഷൻ ഉണ്ടാകുമോ എന്ന് പേടിച്ച് വിയർത്തതും ചെറുതായി ഓർമയിൽ ഉണ്ട് .... 


ഇപ്പോഴിത് രസകരമായ ഒരോർമ്മയായി മാറി ... 
എങ്കിലും 
കാലമിത്രയും മാറിയിട്ടും ഇത്തരം ചില insecure feelings മാത്രം മാറ്റമില്ലാതുണ്ട് .... നഗ്നതയെ കുറിച്ചുള്ള ഭയം,  സമൂഹ മധ്യത്തിൽ അപമാനിക്കപ്പെടുമോ എന്ന  ഭയം , എല്ലാരും എന്നെ കുറിച്ച്  എന്ത് വിചാരിക്കുമെന്ന പേടി ....

ഒരു പക്ഷെ പെൺകുട്ടികൾ ജീവിതകാലം മുഴുവൻ പേറുന്ന ഈ insecure ഫീലിങ്ങ്സ് അവരുടെ ചെറുപ്പകാലത്തെ ചെറു ഭയങ്ങളിനിന്നും ഉരുത്തിരിഞ്ഞതാകാം ... അല്ലെങ്കിൽ സമൂഹം കൽപ്പിച്ച് കൊടുക്കുന്നതാവാം ... 

എന്ത് കുന്തമായാലും ആണായാലും പെണ്ണായാലും കുട്ടികൾ Brave, Bold and Confident ആയി വളർന്നുവരുവാൻ നാം സാഹചര്യം ഒരുക്കണം ... ആരോഗ്യപരമായ ഒരു സമൂഹത്തിന് ആരോഗ്യപരമായ ഒരു മനസ്സ് ഉണ്ടായേ മതിയാകൂ ...
                                                                                


No comments:

Post a Comment