Wednesday, 16 October 2019

ഇഞ്ചരാച്ച... ഒരു വെറൈറ്റി കല്ല്യാണാലോചന

വൈകുന്നേരത്തെ ഇന്റർവൽ സമയം... വലിയൊരങ്കം കഴിഞ്ഞ് അടുത്ത യുദ്ധത്തിന് കോപ്പുകൂട്ടാനായി   കുറച്ചു നേരം തൊണ്ടയ്ക്കും കാലിനും വിശ്രമം നൽകാമെന്നോർത്ത് ചോക്കു പൊടിപോലും തട്ടാതെ നാലാം ക്ലാസിലെ കസേരയിലേക്ക് വെട്ടിയിട്ട വാഴ പോലെ ഒന്ന് ചാഞ്ഞതേയുള്ളു..  പെട്ടെന്ന് തന്നെ ക്ലാസിലെ പ്രശ്നക്കാരി മിൻഹയും ടീമും " ഷെല്ലി മാമാ... " നും വിളിച്ച് എവിടുന്നോ ചാടി വീണു.. (ഒരു ദിവസം കുറഞ്ഞത് ഒരു 6 പ്രശ്നങ്ങളെങ്കിലും ഉണ്ടാക്കുന്ന  മിൻഹാ P യുടെ  പേരിനെ കുട്ടികളാണ് പരിഷ്ക്കരിച്ച് പ്രശ്നക്കാരി മിൻഹാ എന്നാക്കി മാറ്റിയത്) 

വിളി കേട്ടപ്പോ തന്നെ ഈ വൈകിട്ട് ഇവളിനി എന്തൂട്ട് പ്രശ്നമുണ്ടാക്കാൻ പോകുവാണെന്ന വേവലാതിയോടെ ഞാൻ തിരിഞ്ഞ് നോക്കി..

"സാറെ നിങ്ങ്ക്ക് കുട്ട്യോള് ണ്ട്?"
( സാറെ ന്നാണ് വിളി... സമാധാനം... സംഗതി സീരിയസാണ് അല്ലേൽ ഷെല്ലിമാമാ വിളിയാണ് പതിവ്)

''പിന്നേ.. എനിക്ക് 54 കുട്ടികളുണ്ട്"

"പോ സാറെ... ഞാടെ കാര്യല്ല ... ഇങ്ങക്ക് സ്വന്തം കുട്ട്യോളി ല്ലാ?"

"ഇല്ല ലോ "

"അയെന്താ... ഇങ്ങ് ള് കെട്ടീക്കീല്ലാ? "

"ഇല്ല.. "

ഒരു ഗൂഡ സ്മിതത്തോടെ ആ കുരുപ്പുകൾ കുശുകുശുക്കാൻ തുടങ്ങി...

ഇവരിതെന്തിന്റെ പുറപ്പാട്ടാണെന്നോർത്ത് ഞാനും

"സാറെ ഞാനൊരണം കൊണ്ടരട്ടെ"

"മാണ്ട "

" അയെന്താ?"

" മാണ്ടാത്തോണ്ട് "

" അയല്ല ങ്ങളെക്കാളും നല്ല ജോലിയാ"

ഒരൽപ്പം കുശുമ്പോടെ ടീച്ചറു ജോലിയേക്കാൾ നല്ല ജോലിയേതാണെന്ന ഭാവത്തിൽ ഞാൻ അവരെ നോക്കി

"ഇഞ്ചരാര... ച്ചെ അയല്ല ഇഞ്ചരാച്ച... ശ്ശോ എന്നാടീ അത്?"

പരാജയ ഭാവത്തിൽ മിൻഹ കൂട്ടത്തിലെ പഠിപിസ്റ്റായ നസ്റിയയേ നോക്കി

" ഡീ അത് എഞ്ചിനീയർ ന്നാ പറയ്യാ "

മനസമ്മതത്തിന്റെയന്ന് വൈദികൻ ഈ കുട്ടിയെ കെട്ടാൻ നിനക്ക് സമ്മതമാണോ? എന്ന് ചോദിച്ച് മറുപടി കാത്ത് നിൽക്കുന്ന പോലെ ഒരുപറ്റം കുസൃതി പിള്ളേർ എന്റെ മറുപടിക്കായി ആകാംക്ഷയോടെ കാത്ത് നിൽക്കുകയാണ്
ഇനിയും വൈകിയാൽ ഈ കുരിപ്പുകൾ സ്കൂളുവിടുന്നതിന് മുൻപ് എന്റെ കെട്ട് നടത്തുമെന്ന് തോന്നിയതിനാൽ കാര്യങ്ങൾ കൈവിട്ട് പോകുന്നതിന് മുൻപ് ഞാനെന്റെ അവസാനത്തെ അടവ് പുറത്തെടുത്തു..

" വൺ... ടൂ.... ത്രീ... ഫ്രീസ്... ക്ലോസ് യുവർ ലിപ്സ് ആൻഡ് ടൈ യുവർ ഹാൻഡ്സ് "

ഭാഗ്യം ബെല്ലടിച്ചു... ക്ലാസ് അണ്ടർ കൺട്രോൾ

ശുഭം


1 comment: