Thursday 28 May 2020

'ശ്ശെല്ലി മുസ്ലിം ....'



കൂട്ടിലടച്ച കുഞ്ഞിക്കിളിയെപോലെ അങ്ങനെ ഞാൻ ഒന്നാം ക്ലാസ് തടവറയിലായി ...

കുഞ്ഞി ബഞ്ചിൽ  ഞങ്ങൾ അഞ്ചാറുപേർ തിങ്ങിനിറഞ്ഞിരിപ്പാണ്  ... അടയ്ക്കാ തൊണ്ടിന്റെയത്രേം വലിപ്പമുള്ളതുകൊണ്ട് മുൻ ബഞ്ചിൽ തന്നെ സീറ്റ് കിട്ടി. .. 
 മഴനനഞ്ഞ ബാഗിന്റെ പുതുമണവും , പോപ്പി കുടയിൽ നിന്നിറ്റിറ്റു വീഴുന്ന മഴത്തുള്ളികളും ഒരു തുള്ളിപോലും പുറത്തേക്കുപോകാതെ അങ്ങനെ മാറോടടക്കി പിടിച്ചിരിക്കുകയാണ് ... 

ബെല്ലടിക്കണം ... വീട്ടിൽ പോകണം ... അതിനായുള്ള കാത്തിരിപ്പാണ് ...

രണ്ടാം പിരിയഡ് ആയതേയുള്ളു... ഉസ്മാൻ സാർ കയറി വന്നു ..
അറബിയോ , ഉറുദുവോ മറ്റോ പഠിപ്പിക്കുന്ന മാഷാണ് ...
കുട്ടികളെ ക്ലാസ് തിരിക്കാൻ വന്നതാണ് ... ക്ലാസ് ടീച്ചർ രജിസ്റ്ററും കൊണ്ട് വീട്ടിൽ ലീവിലാണ് മഴയല്ലേ ... സാറിനാണ് ചാർജ് 

"അറബി പഠിക്കാൻ താൽപര്യമുള്ള  കുട്ടികൾ എഴുന്നേറ്റു നിന്നേ ..."
സാർ വാത്സല്യപൂർവ്വം കുട്ടികളോട് പറഞ്ഞു.
കുറെ പഠിപ്പൻ മാരും  പഠിപ്പികളും എഴുന്നേറ്റു നിന്നു ...

ഒരു  തേങ്ങയും പഠിക്കാൻ പണ്ടേ താല്പര്യമില്ലാത്ത ഞങ്ങൾ കുറച്ച് ഉഴപ്പൻമാർ  അരകല്ലിന് കാറ്റു കൊണ്ടപോലെ പുറത്ത് തൂക്കിയിട്ടിരിക്കുന്ന ബെല്ലിൽ ഉറ്റു നോക്കി 'ഞങ്ങളീനാട്ടുകാരല്ലേ' ... എന്ന ഭാവത്തിൽ അവിടെ തന്നെയിരുന്നു.  

ആ നമ്പർ ഏറ്റില്ലെന്ന് കണ്ടിട്ടാവണം , സാർ അടുത്ത നടപടിയിലേക് കടന്നു.
"മുസ്‌ലിം കുട്ടികൾ എല്ലാരും എഴുന്നേറ്റേ "

എനിക്ക് കൂട്ടിരുന്ന വെള്ള തൊപ്പിയിട്ട കുറച്ച്  കുട്ടികൾ മനസില്ലാ മനസോടെ എഴുന്നേറ്റു...

'മുസ്‌ലിം' എന്ന് ആദ്യമായി കേൾക്കുന്ന .. അങ്ങനെ പറഞ്ഞാ എന്ത് കുന്തമാണെന്നറിയാത്ത ഞാൻ വായും പൊളിച്ച് അന്ധാളിച്ച് സാറിനെ നോക്കി നിന്നു.

പാവാടയിട്ടവർ പെൺപിള്ളേർ , ട്രൗസറിട്ടവർ ആൺപിള്ളേർ - ഈ ഒരു വേർതിരിവിനെ കുറിച്ചുള്ള അറിവേ അന്നുവരെ എനിക്കുണ്ടായിരുന്നുള്ളു. പാവാടയിടുന്ന കുട്ടികളിൽ ചിലർക്ക് എന്നേക്കാൾ മുടിയുണ്ടായിരുന്നത്  ഒത്തിരി കൗതുകവും ഇത്തിരി കുശുമ്പും ഉണ്ടാക്കിയിരുന്നു എന്നത് വേറൊരു കാര്യം ...


'മുസ്ലിം ' കേൾക്കാൻ നല്ല രസമുള്ള വാക്ക്.. 'ഷെല്ലി മുസ്ലിം  ' നല്ല രസം ... ഇനിയിപ്പം മുസ്ലിം  കുട്ടികളെ നേരത്തെ വീട്ടിൽ വിട്ടാലോ?... അല്ലറ ചില്ലറ കണക്കുകൂട്ടലുകൾക്ക് ശേഷം ഞാൻ മുസ്ലീം  ആകാൻ തീരുമാനിച്ചു.
പതിയേ എഴുന്നേറ്റു...

സാർ പേരെഴുതാൻ അടുത്തെത്തി... അടയ്ക്കാ തൊണ്ടുപോലുള്ള ഈ വിഡ്ഢി കുശ്മാണ്ഠം എങ്ങനെ മുസ്ലീമായി  എന്ന ഭാവേന സാർ തെല്ലൊരു സംശയത്തോടെ എന്നോട് ചോദിച്ചു.

"ഇയ്യ്‌ മുസ്ലീമാ?"
- അതേ ...

"അന്റെ പേരെന്താ?
- ശ്ശെല്ലി 

"മുഴുവൻ പേര്"
-ശ്ശെ...ല്ലീ ...."

"ഉപ്പാടെ പേര്?
-പ്പാ...

"എന്ത് ?"
-പ്പാ ...ന്ന് 

ഇതെന്തിന്റെ കുഞ്ഞാണോ എന്ന മട്ടിൽ സാർ അവസാനത്തെ അസ്ത്രം പുറത്തെടുത്തു.

"ഇയ്യ്‌ പള്ളീൽ പോകാറുണ്ടോ?"

- ആം ...

അതെനിക്കറിയാം പള്ളീൽ പോകാറുണ്ട് .. എനിക്ക് തരാതെ മമ്മി വെള്ള അപ്പം മേടിച്ച് കഴിക്കണത് ഞാൻ കണ്ടിട്ടുണ്ട്. ലൈനായി പോയിട്ടും,കൈകൂപ്പി കണ്ണടച്ച് നിന്നിട്ടും ,  കിഞ്ചി ചോദിച്ചിട്ടും ,ശാഠ്യം  പിടിച്ച്  കാറി പൊളിച്ച് കരഞ്ഞിട്ടും എനിക്ക് ഒരിക്കലും കിട്ടാതിരുന്ന ആ അപ്പം എങ്ങനെ മറക്കാനാണ് ... ഒരുതവണ മമ്മീടെ വാ കിള്ളി തുറന്ന് ഒരു  വിഫല ശ്രമം വരെ നടത്തിയിട്ടുണ്ട് ...

പള്ളീൽ പോകാറുള്ള സ്ഥിതിക്ക് ഞാൻ മുസ്‌ലിം തന്നെയായിരിക്കുമെന്നുറപ്പിച്ച് സാർ എന്റെ പേരുമെഴുതി പോയി...


ഒന്നാം ക്ലാസ്സിൽ ചേർന്നയുടനെ എനിക്ക് 'എഞ്ചുവടി മനഃപാഠം' പുസ്തകം മേടിച്ച് തന്നിരുന്നു. അതിന്റെ അവസാന താളിലെ   'ളാ ഉൻ '  ,  ' റാ ഉൻ ' അങ്ങനെ ഏതൊക്കെയോ വാക്കുകൾ അന്നത്തെ ഒന്നാം ക്ലാസ്സ് മുസ്ലിം ഷെല്ലി പഠിച്ചിരുന്നു . 

അറബിക്ലാസ്സിലെ എന്റെ അനധികൃത പഠനം അധികകാലം നീണ്ട് നിന്നില്ല.. ക്ലാസ് ടീച്ചർ തിരികെ വരുകയും ഞാൻ 'ഷെല്ലി ജോസ് ' ആണെന്ന് തിരിച്ചറിയുകയും ചെയ്തപ്പോൾ ഞാൻ മുസ്ലിം അല്ലാതെയായി ...

ഭൂലോക ഉടായിപ്പായിരുന്ന എന്നെ, കിട്ടിയ ആദ്യ അവസരത്തിൽ തന്നെ സാർ തൂക്കിയെടുത്ത് ക്ലാസിന് വെളിയിൽ കളഞ്ഞു. ഇനിയൊരു വർഗീയ കലാപം വേണ്ടെന്നു വച്ചാകണം ...

വേർതിരിവുകളുടെ ഈ കാലഘട്ടത്തിൽ .. ജാതി, മതം , വർഗം, നിറം,ആണ് , പെണ്ണ്  ഇങ്ങനെ ഒരു വേർതിരിവുമില്ലാതെ എല്ലാരും ഒന്നാം ക്ലാസ്സുകാരായിരുന്നേൽ എത്ര നിഷ്കളങ്ക സുന്ദരമായേനെ ഈ ലോകം ....



No comments:

Post a Comment