Wednesday 27 May 2020

ഒരു ഒന്നാം ക്ലാസുകാരന്റെ ഇന്റർവ്യൂ അനുഭവം




ഒന്നാം ക്ളാസ്സിലേക്കുള്ള പ്രവേശന ഇന്റർവ്യൂ ആയിരുന്നു എന്റെ ജീവിതത്തിലെ കന്നി പരീക്ഷ .....

പഴം കഥകൾ അയവിറക്കുമ്പോൾ പപ്പയുടെ ഓർമ്മ തള്ളുകളിൽ അവർണ്ണനീയമായ സ്ഥാനമാണ് മാനന്തവാടി എൽ.എഫ്. യൂ.പി. സ്‌കൂളിനുള്ളത് ... പപ്പയുടെ സ്വന്തം സ്‌കൂൾ ...
അന്നത്തെ ക്ലാസ്സ് ചട്ടമ്പിയായിരുന്ന ഔസേപ്പിനെ സ്‌കൂളിലേക്ക് ആകർഷിച്ചത് എൽ.എഫ് ലെ സിസ്റ്റേഴ്സിന്റെ സ്നേഹവും , ഉപ്പുമാവും ആയിരുന്നത്രേ... വീട്ടിലെ പട്ടിണിയിൽ സ്‌കൂളിലെ ഉപ്പുമാവിന് അമൃതിന്റെ സ്വാദായിരുന്നത്രെ ... 
കൂടാതെ  ഇടക്ക് വീട്ടിലേക്കു കൊടുത്തയക്കുന്ന അരി സഞ്ചിയിൽ ആരുമറിയാതെ സിസ്റ്റർമാർ ഒളിപ്പിച്ച് വച്ച് നൽകുന്ന പാട്ട നെയ്യും... സഞ്ചി തുറന്ന് അത് കണ്ടെത്തുമ്പോൾ പാപ്പന്റേം , അമ്മേടെം , ഏഴ് മക്കളുടെയും മിഴിഞ്ഞ കണ്ണുകൾ, സന്തോഷം ഒക്കെ വാങ്മയ ചിത്രങ്ങളായി പഴംകഥകളിലൂടെ ഞാൻ കേട്ടറിഞ്ഞിട്ടുണ്ട് ...

ഇങ്ങനൊക്കെ ആണേലും സ്‌കൂളിലെ  ഉപ്പുമാവിനേക്കാൾ രുചി,  കപ്പ ചുമന്ന് കിട്ടുന്ന അണയ്ക്ക് വാങ്ങുന്ന അരിയിൽ വീട്ടിൽ വച്ചുണ്ടാക്കുന്ന ചോറിനുണ്ടെന്ന് തിരിച്ചറിഞ്ഞ പപ്പ, നാലാം ക്ലാസിൽ പഠനവും ഗുസ്തിയും നിർത്തി അല്ലറ ചില്ലറ കൂലി പണികളിലേക്ക് തിരിഞ്ഞു... പഠിക്കാൻ നല്ല ബുദ്ധിയുണ്ടായിരുന്ന ഇന്നും ലോക്കൽ ചെസ്സ് ചാമ്പ്യൻ ആയി തുടരുന്ന പപ്പ പഠനം പൂർത്തിയാക്കിയിരുന്നേൽ എന്ന് ഞാനിടയ്ക്ക് ചിന്തിക്കാറുണ്ട് ...

ഇത്ര ആത്മബന്ധമുള്ള സ്‌കൂളിൽ എന്നെ ചേർക്കുക എന്നത് അതിനാൽ തന്നെ പപ്പയുടെ ആഗ്രഹവുമായിരുന്നു...

വീടിനടുത്തുള്ള സിംഹങ്ങളെല്ലാം എൽ.എഫ് സ്‌കൂളിൽ തന്നെയാണ് പഠിച്ചിരുന്നതും ...

അങ്ങനെ ആ ദിവസം വന്നെത്തി ...

സ്‌കൂൾ ഓഫീസിനു മുൻപിൽ ചേരാൻ വന്ന കുട്ടികളും , മാതാപിതാക്കളും  എല്ലാരും ആകാംക്ഷയോടെ കാത്തിരിക്കുന്നു. 
അവിടെ ചെന്നപ്പോഴാണ് ഞങ്ങളറിഞ്ഞത് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് ഇന്റർവ്യൂ ഉണ്ടെന്ന് ... 

ഇംഗ്ലീഷിലാണ് ഇന്റർവ്യൂ അതാണ് കഷ്ടം ....

ഇന്റർവ്യൂ കഴിഞ്ഞുവന്ന പരിചയക്കാരനോട് സഹായമഭ്യർത്ഥിച്ചു ... ചോദ്യങ്ങൾ ചോർത്തി തരണം ... അതാണ് കാര്യം ...

പുള്ളി സഹായിക്കാമെന്നേറ്റു... 

നിറങ്ങളാണ് ചോദിച്ചതത്രെ ...കർട്ടൺന്റെയും പൂവിന്റെയും ... ആദ്യത്തേത് yellow രണ്ടാമത്തേത് Red ..
പിന്നെ മേശയിലുള്ള ഒരു സാധനം ചൂണ്ടിക്കാട്ടി What is this എന്ന് ചോദിക്കും  ... ഞാൻ ബുക്ക് എന്ന് മറുപടി പറയണം ... പിന്നെ ഒരു ചാർട്ട് കാണിക്കും അതിലെ ഏതാനും വെജിറ്റബിൾ സിന്റെ പേര് പറയണം ... 

ഇത്രയുമേയുള്ളു ... സിമ്പിൾ ... ഇതെക്കെയെന്ത് ഞാൻ കലക്കും എന്ന മട്ടിൽ ഞാൻ പപ്പനേം മമ്മിനേം നോക്കി... പക്ഷെ അവർക്ക് പുപ്പുലിയായ എന്നിൽ അത്ര വിശ്വാസം പോരാ എന്ന് അവരുടെ കണ്ണുകൾ എന്നോട് പറയാതെ പറഞ്ഞു.  

പിന്നീടുള്ള പത്ത് പതിനഞ്ചു മിനിറ്റ് മാരത്തൺ പഠനമായിരുന്നു. 

കുഞ്ഞു കൈവിരലുകൾ പെറുക്കി കൂട്ടി ഞാൻ പഠിച്ചു ..
1 . യെല്ലോ 
2 .റെഡ് 
3 . ബുക്ക് 
4 . പപ്പായ , ചില്ലി ,ക്യാരറ്റ് , ഒനിയൻ 

ഇന്റർവ്യൂ നു ഓഫിസിലേക്ക് വിളിച്ചു ... പടി കടന്നതോടെ വീർത്ത ബലൂണിൽ സൂചി കുത്തിയപോലെ എന്റെ ധൈര്യമെല്ലാം ഏതിലെയൊക്കെയോ ചോർന്ന് പോകുന്നത് പേടിയോടെ ഞാനറിഞ്ഞു.

എന്നേ ക്കാൾ പൊക്കമുള്ള സീറ്റിൽ അള്ളി പിടിച്ച്  വലിഞ്ഞ് കയറാൻ ശ്രമിച്ച എന്നെ പപ്പ എടുത്തിരുത്തി ... മേശമേലുള്ള ആകര്ഷണീയങ്ങളായ പലവക വസ്തുക്കളിൽ എന്റെ ചിന്തകൾ ഉടക്കി നിന്നു .. ചങ്കിന്റെയുള്ളിൽ നിന്ന് ആരോ പടാപടാന്ന് ചിരട്ട കൊട്ടണ ശബ്ദം ഞാൻ കേട്ടു ... അടിവയറിൽ കൂടി ഒരു പുളയലും ...

ആൺകുട്ടികൾ കരയാൻ പാടില്ല ... നേഴ്‌സറിയിൽ പഠിച്ച പാഠമാണ് ... ഞാൻ തുറിച്ച് നോക്കി പിടിച്ചിരുന്നു...

എന്റെ അവലക്ഷണം പോലുള്ള തുറിച്ചു നോട്ടം കണ്ടിട്ട് എന്തോ പന്തികേട് തോന്നിയ സിസ്റ്റർ എന്നെ ജയിപ്പിക്കാൻ ഏറ്റവും സിമ്പിൾ ചോദ്യങ്ങൾ ചോദിയ്ക്കാൻ തീരുമാനിച്ചിരിക്കണം ...

ഒന്നാം ചോദ്യം ...

?   What is your name?
ഞാൻ : യെല്ലോ 

(കേട്ടത് തെറ്റിയതാവും "ഷെല്ലി" എന്നാവും ഞാൻ പറഞ്ഞതെന്ന് പാവം സിസ്റ്റർ തെറ്റിദ്ധരിച്ചു )


?  How old  are you?
ഞാൻ : റെഡ് 

(റെഡ് മായി സാമ്യം തോന്നുന്ന ഏതെങ്കിലും നമ്പർ നിലവിലുണ്ടോ എന്ന്  ഒരുവേള എല്ലാവരും അന്ധം വിട്ട് ചിന്തിക്കണത് ഞാൻ കണ്ടു )

? ഇതെന്താ ന്ന് ഇംഗ്ലീഷിൽ പറഞ്ഞേ .... ഒരു പേന കയ്യിലെടുത്ത് സിസ്റ്റർ എന്നോട് ചോദിച്ചു.
ഞാൻ : ബുക്ക് 

(അഭിമാന പുരസ്‌കരം ഇരിക്കുന്ന എന്നെ നിസ്സഹായരായി പപ്പയും മമ്മിയും നോക്കുന്നത് ഇടം കണ്ണാലെ ഞാൻ കണ്ടു.)

?അവസാനത്തെ ചോദ്യമാണെ ... മോന്റെ വീട്ടിൽ ആരൊക്കെയാ ഉള്ളതെന്ന് ഇംഗ്ലീഷിൽ പറഞ്ഞേ ... ആലോചിച്ച് പറഞ്ഞാൽ മതിയെ ... ഇപ്പം ഇവിടെ ആരൊക്കെയാ ഉള്ളതെന്ന് നോക്കിയേ ...

 (ഉത്തരം പറയാൻ ഇവിടിരിക്കുന്ന ആരുടെയും സഹായം എനിക്കാവശ്യമില്ലെന്ന മട്ടിൽ എല്ലാവരെയും ഒരുവട്ടം നോക്കി ഞാൻ  ) 

ഞാൻ : പപ്പായ, ചെല്ലി , അനിയൻ , കാരറ്റ് 


സ്വന്തം പേര് പോലും പറയാൻ അറിയാണ്ട് പോയ എനിക്കവിടെ അഡ്‌മിഷൻ കിട്ടിയില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലലോ ... 

എങ്കിലും അവസാനത്തെ ഉത്തരത്തിൽ കാരറ്റിനെ വലിച്ച് കേറ്റിയില്ലാരുന്നേൽ ഒരുപക്ഷെ എനിക്കവിടെ അഡ്‌മിഷൻ കിട്ടിയേനെ എന്ന് ഇടയ്ക്ക് തോന്നാറുണ്ട് ..


കാണാതെ പഠനത്തിന്റെ ബാക്കി പത്രമായിരുന്നു ഒന്നാം ക്ലാസ് പ്രവേശനത്തിൽ തോറ്റ എന്നെയും തൂക്കിയെടുത്ത് സ്‌കൂളിന്റെ പടികടന്ന മാതാപിതാക്കളുടെ സങ്കടം നിറഞ്ഞ മുഖങ്ങൾ ...

അതിനാലാവണം കാണാതെ പഠനത്തിന് എതിരാണ് ഞാനിന്നും ...

എന്താണ് പഠിക്കുന്നതെന്നും 
എന്തിനാണ് പഠിക്കുന്നതെന്നും 
എങ്ങനെയാണ് പഠിക്കേണ്ടതെന്നും 
മനസിലാക്കാനും അറിയാനും തീരുമാനം എടുക്കാനും കുട്ടികൾക്ക് അവകാശമുണ്ട് ....
അവർക്ക് മനസിലാകുന്ന രീതിയിൽ .... ആകർഷകമായി പഠിപ്പിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം ..




No comments:

Post a Comment