Saturday, 26 October 2019

പഠിക്കാത്ത പാഠം

🌹🌞 Morning Thoughts🌞🌹

പുട്ടിനേ പോലെയാണ് ജീവിതം... പിറകിൽ നിന്ന് ആരുടെയെങ്കിലുമൊക്കെ കുത്തുകളും കുത്തുവാക്കുകളും  കിട്ടിയാലേ അതിന് പൂർണ്ണത കൈവരികയുള്ളൂ.... 
പ്രതീക്ഷിക്കാതെ ചില സാഹചര്യങ്ങളിൽ അകാരണമായി ഒറ്റപ്പെടുത്തപ്പെടുമ്പോൾ  സങ്കടപ്പെടേണ്ടതില്ല.. പുട്ടിന് സ്വാദ് കൂടാൻ തേങ്ങ ചേർക്കുന്ന പോലെ അതുമൊരു ജീവിത പാഠമാണ്.. ജീവിതാനുഭവങ്ങളുടെ പുസ്തകത്തിന് പൂർണ്ണത കൈവരുവാൻ നാം ഇങ്ങനെ പല പാഠങ്ങളിലൂടെ കടന്നു പോകേണ്ടി വരും... 
ആത്മവിശ്വാസം കൈമോശം  വരാതെ മുന്നേറുക

                    ശുഭദിനം

Monday, 21 October 2019

അങ്ങനെ ഒരു ദിവസം...

😃
Good morning...
ഒരു ദിവസം ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിലൊന്നാണ്...

അതെന്താണ് ഗുഡ് ഡേ എന്ന് പറഞ്ഞാൽ... രാവിലെകൾ മാത്രം സുന്ദരമായാൽ മതിയോ? 

ഇന്നത്തെ എന്റെ സുന്ദരമായ ദിവസം ഒന്ന് ഓർത്തെടുക്കട്ടെ...

രാവിലെ  എണീക്കാൻ  ഒരിച്ചിരെ താമസിച്ചു... അതോണ്ട് ചെറുതായി കുളി ഒഴിവാക്കേണ്ടിയും വന്നു... കാക്ക കുളിച്ചാൽ കൊക്കാകില്ലലോ? പിന്നെന്തിന് അതിനായി സമയം കളയണം   എന്നാണ് എന്റെയൊരു  ഇത്.. എന്തായാലും പ്രഭാത ഭക്ഷണം (കട്ടൻ ചായയും പുട്ടും) കഴിക്കാതെ ഓടേണ്ടി വന്നു... ചാടി തുള്ളി ചെരുപ്പിൽ കാലു കയറ്റിയപ്പോൾ വള്ളി പൊട്ടിയ ട്രൗസർ പോലെ ചെരുപ്പിന്റെ മുൻഭാഗം തള്ളവിരലിനോട് കൊതികുത്തി ഉപ്പൂറ്റിയുമായി കൂട്ട് കൂടാൻ പോയേക്കുന്നു.... എന്തൊരു കഷ്ടം... രണ്ട് പ്രളയത്തെ അതിജീവിച്ച എന്റെ പ്രീയ പാദരക്ഷ ഈ സമയമില്ലാ സമയത്ത് എന്നെ തേച്ചിട്ട് പോകുമെന്ന് തീരെ നിനച്ചില്ല... എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട എന്നയെന്റെ ഭാവം കണ്ട അനിയൻ  (നിസ്സഹായ ഭാവമെന്നാണ് കണ്ടവർ പറഞ്ഞതെങ്കിലും) അവന്റെ സ്കൗട്ടിന്റെ ഷൂ എന്റെ ദുരിദാശ്വാസത്തിനായി നൽകി അവന്റെ വിശാല മനസ്സ് കുടുംബത്തിന് മുൻപിൽ തെളിയിച്ചു...

എന്റെ കാലിനേക്കാൾ വലുതാണെന്റെ അനിയന്റെ ഷൂ എന്നൊരൽപ്പം കുശുമ്പോടെ ഞാൻ തിരിച്ചറിഞ്ഞു..

എന്തായാലും അതും വലിച്ച് കയറ്റി ഒരു സർക്കസ് കാരന്റെ വൈദഗ്ദ്യ ത്തോടെ മഴയിൽ തെന്നിതെറിച്ച് കിടക്കുന്ന കാപ്പിത്തോട്ടത്തിലൂടെ... തെന്നി വീഴാതെ , എട്ടുകാലി വലയിൽ കുടുങ്ങാതെ ഒരു വിധം റോഡരുകിൽ സ്വന്തം ശകടത്തിന്റെയടുത്തെത്തി.... 

ആ പാവത്തിനെ ഒന്നു കുളിപ്പിച്ച് തോർത്താത്തതിന്റെ പേരിൽ പിള്ളേരുടെ കളിയാക്കലുകൾ ഒത്തിരി കേട്ടതാണ്... എങ്കിലും ആരും തൊടാൻ മടിക്കുന്നത്ര പൊടിയുള്ള എന്റെ ശകടത്തിൽ ഒരു വിരുതൻ കല്ലുകൊണ്ട് അവന്റെ പേര് രേഖപ്പെടുത്തിയത്... ആ പൊടിയിലും ശിലാലിഖിതം പോലെ തിളങ്ങുന്നുണ്ടായിരുന്നു....

തലയോട്ടിക്ക്  നാണം തോന്നുന്ന വിധത്തിൽ ഫോസിലായ... എന്നാൽ എന്റെ മഹനീയ തലയേ രണ്ട് വട്ടം ചിതറാതെ ... ഉള്ളിലുള്ള കളിമണ്ണ് പുറത്ത് പോയി നാണം കെടാതെ സംരക്ഷിച്ച ... എന്റെ എറ്റവും വിശ്വസനീയനായ ഹെൽമറ്റിനാൽ കിരീട ധാരണം നടത്തി, അശ്വാരൂഡനായ ബാഹുബലിയേ പോലെ 8 മണി മുതൽ 9 മണി വരെ അങ്കം കുറിച്ചിട്ടുള്ള VHSE യിലെ പ്രീയ വിദ്യാർത്ഥികളുടെയടുത്തേക്ക് ഞാൻ യാത്രയായി... ശുഭാരംഭ സൂചനയായി ഹെൽമറ്റിനുള്ളിൽ ഡേറ്റിംഗിന് വന്ന രണ്ട് കുഞ്ഞു പൂമ്പാറ്റകൾ ഹെൽമറ്റിനും മൂക്കിനും ഇടയിലുള്ള വിടവിലൂടെ പറന്ന് പോയി... പരിശോധിക്കാതെ ഹെൽമറ്റ് 
തലയിൽ കയറ്റിയതിന്റെ പിണക്കം കൊണ്ടോ മറ്റോ വണ്ടി ഓടിച്ചോണ്ടിരിക്കുമ്പോൾ ഒന്നു പേടിപ്പിച്ചിട്ടാണ് അവ പറന്ന് പോയത്...
ഇനിയുള്ള കഥ ചുരുക്കി പറഞ്ഞാൽ
   അസാപ്പ് പിള്ളേരോട് കഥ പറഞ്ഞ് സമയം പോയാൽ 9:30 നു പ്രയർന് മുൻപ് സ്കൂളിൽ എത്താൻ പറ്റില്ല... 10.30 ആകുമ്പോഴേക്കും വിശപ്പ് തുടങ്ങും 11 മണിക്ക് സ്റ്റാഫ് റൂമിൽ നല്ല കടി കണ്ടാൽ സന്തോഷം ... ബെല്ലടിക്കുന്നതിന് മുൻപ് അത് തീർക്കണം.. ചായ... ങ്ങും... പിന്നെ ഉച്ചവരെ പിന്നേയും അങ്കം... ഉച്ചയ്ക്ക് പിള്ളേരെ തീറ്റിച്ച് ഇരുത്തുമ്പോഴേക്കും ഒരു വശമാകും... പിന്നെ ഏതു ബഞ്ചിന്റെ കൂടെ ഇരിക്കണം എന്ന കുട്ടിവഴക്കുകൾ തീർത്ത് ഏതെങ്കിലുമൊരു ടീമിന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കണം... അതിനിടക്ക് സ്നേഹം മൂത്ത പിള്ളേർ ഉരുട്ടി കുഴച്ച് കൊണ്ടുവന്ന് പാത്രത്തിലേക്ക് ഇടുന്ന കറികൾ അവരുടെ മുന്നിൽ വച്ച് തിന്ന് കാണിക്കണം... പലപ്പോഴും തിന്നത് മതിയാക്കി സ്നേഹപൂർവ്വം ഓടി രക്ഷപ്പെടണം... ഉച്ചകഴിഞ്ഞ് ഇച്ചിരി നേരത്തേയെത്തി അടിച്ച് വാരണം... ഇതിനിടയിൽ വരുന്ന ഒരായിരം പരാതികളും  പരിഭവങ്ങളും ... രോഗീ ശുശ്രൂഷകളും... കൂടാതെ പെട്ടെന്ന് ചെയ്ത് കൊടുക്കേണ്ടി വരുന്ന ചില സഹായ അഭ്യർത്ഥനകളും..

പൂര വെടിക്കെട്ടിനിടയിൽ സ്വകാര്യം പറയുന്ന പോലെ വൈകിട്ടത്തെ ക്ലാസുകൾ... LS S ഓർക്കുമ്പോൾ പരവേശം...  ഒരൽപ്പം വെള്ളം കുടിക്കണമെന്നോർക്കുമ്പോഴേക്കും സ്കോളർഷിപ്പുകൾ, മേളകൾ, പെർഫോർമകൾ, റിപ്പോർട്ട് തയ്യാറാക്കൽ ... എന്നിങ്ങനെ ഒരിക്കലും തീരാത്ത കുറേ കംമ്പ്യൂട്ടർ പണികളും ..

അതിനിടയിൽ വീടുപണിയുടെ ചിന്തകൾ... പരിഹാരം കണ്ടെത്തൽ... ഫോൺ കോളുകൾ... സാമ്പത്തീക പ്രശ്നങ്ങൾ....

ഉടൻ വരുന്നു മെയിൽ അസാപ്പ് വക  SDE forum meet ... discussion... Class schedule etc.

എന്തായാലും 8 മണിക്ക് വീടെത്തി...

മറന്നു പോയവ

വൈകിട്ടത്തെ ചായ
പൊട്ടിയ ചെരുപ്പ് മാറ്റാൻ
നോവേനക്ക് പോകാൻ

ഇനി ഞാനുറങ്ങട്ടെയെന്ന് പറയാൻ ഇനിയുമൊരുപാട് ജോലികൾ ബാക്കി...

Wednesday, 16 October 2019

ഇഞ്ചരാച്ച... ഒരു വെറൈറ്റി കല്ല്യാണാലോചന

വൈകുന്നേരത്തെ ഇന്റർവൽ സമയം... വലിയൊരങ്കം കഴിഞ്ഞ് അടുത്ത യുദ്ധത്തിന് കോപ്പുകൂട്ടാനായി   കുറച്ചു നേരം തൊണ്ടയ്ക്കും കാലിനും വിശ്രമം നൽകാമെന്നോർത്ത് ചോക്കു പൊടിപോലും തട്ടാതെ നാലാം ക്ലാസിലെ കസേരയിലേക്ക് വെട്ടിയിട്ട വാഴ പോലെ ഒന്ന് ചാഞ്ഞതേയുള്ളു..  പെട്ടെന്ന് തന്നെ ക്ലാസിലെ പ്രശ്നക്കാരി മിൻഹയും ടീമും " ഷെല്ലി മാമാ... " നും വിളിച്ച് എവിടുന്നോ ചാടി വീണു.. (ഒരു ദിവസം കുറഞ്ഞത് ഒരു 6 പ്രശ്നങ്ങളെങ്കിലും ഉണ്ടാക്കുന്ന  മിൻഹാ P യുടെ  പേരിനെ കുട്ടികളാണ് പരിഷ്ക്കരിച്ച് പ്രശ്നക്കാരി മിൻഹാ എന്നാക്കി മാറ്റിയത്) 

വിളി കേട്ടപ്പോ തന്നെ ഈ വൈകിട്ട് ഇവളിനി എന്തൂട്ട് പ്രശ്നമുണ്ടാക്കാൻ പോകുവാണെന്ന വേവലാതിയോടെ ഞാൻ തിരിഞ്ഞ് നോക്കി..

"സാറെ നിങ്ങ്ക്ക് കുട്ട്യോള് ണ്ട്?"
( സാറെ ന്നാണ് വിളി... സമാധാനം... സംഗതി സീരിയസാണ് അല്ലേൽ ഷെല്ലിമാമാ വിളിയാണ് പതിവ്)

''പിന്നേ.. എനിക്ക് 54 കുട്ടികളുണ്ട്"

"പോ സാറെ... ഞാടെ കാര്യല്ല ... ഇങ്ങക്ക് സ്വന്തം കുട്ട്യോളി ല്ലാ?"

"ഇല്ല ലോ "

"അയെന്താ... ഇങ്ങ് ള് കെട്ടീക്കീല്ലാ? "

"ഇല്ല.. "

ഒരു ഗൂഡ സ്മിതത്തോടെ ആ കുരുപ്പുകൾ കുശുകുശുക്കാൻ തുടങ്ങി...

ഇവരിതെന്തിന്റെ പുറപ്പാട്ടാണെന്നോർത്ത് ഞാനും

"സാറെ ഞാനൊരണം കൊണ്ടരട്ടെ"

"മാണ്ട "

" അയെന്താ?"

" മാണ്ടാത്തോണ്ട് "

" അയല്ല ങ്ങളെക്കാളും നല്ല ജോലിയാ"

ഒരൽപ്പം കുശുമ്പോടെ ടീച്ചറു ജോലിയേക്കാൾ നല്ല ജോലിയേതാണെന്ന ഭാവത്തിൽ ഞാൻ അവരെ നോക്കി

"ഇഞ്ചരാര... ച്ചെ അയല്ല ഇഞ്ചരാച്ച... ശ്ശോ എന്നാടീ അത്?"

പരാജയ ഭാവത്തിൽ മിൻഹ കൂട്ടത്തിലെ പഠിപിസ്റ്റായ നസ്റിയയേ നോക്കി

" ഡീ അത് എഞ്ചിനീയർ ന്നാ പറയ്യാ "

മനസമ്മതത്തിന്റെയന്ന് വൈദികൻ ഈ കുട്ടിയെ കെട്ടാൻ നിനക്ക് സമ്മതമാണോ? എന്ന് ചോദിച്ച് മറുപടി കാത്ത് നിൽക്കുന്ന പോലെ ഒരുപറ്റം കുസൃതി പിള്ളേർ എന്റെ മറുപടിക്കായി ആകാംക്ഷയോടെ കാത്ത് നിൽക്കുകയാണ്
ഇനിയും വൈകിയാൽ ഈ കുരിപ്പുകൾ സ്കൂളുവിടുന്നതിന് മുൻപ് എന്റെ കെട്ട് നടത്തുമെന്ന് തോന്നിയതിനാൽ കാര്യങ്ങൾ കൈവിട്ട് പോകുന്നതിന് മുൻപ് ഞാനെന്റെ അവസാനത്തെ അടവ് പുറത്തെടുത്തു..

" വൺ... ടൂ.... ത്രീ... ഫ്രീസ്... ക്ലോസ് യുവർ ലിപ്സ് ആൻഡ് ടൈ യുവർ ഹാൻഡ്സ് "

ഭാഗ്യം ബെല്ലടിച്ചു... ക്ലാസ് അണ്ടർ കൺട്രോൾ

ശുഭം