Friday, 10 April 2020

Morning Thoughts

​​എന്തുകൊണ്ടായിരിക്കാം ദുഃഖവെള്ളി ഒരു ഗുഡ് ഫ്രൈഡേ ആകുന്നത്?
 
കാരണം  അത് നന്മയുടെ, പ്രതീക്ഷയുടെ, ആശ്വാസത്തിന്റെ,  സാന്ത്വനത്തിന്റെ, ഒരു നല്ല ആരംഭമായിരുന്നു.   

എല്ലാവർക്കും നന്മ വരണമെന്ന് മാത്രം ആഗ്രഹിച്ച, എന്നും നല്ലതുമാത്രം ചെയ്ത മുപ്പത്തിമൂന്ന് വയസ്സ് മാത്രം  പ്രായമുള്ള ഒരു യുവാവ്  ലോകത്തിനാൽ ഏറ്റവും  വെറുക്കപ്പെട്ട്, ഒറ്റപ്പെട്ട് , താൻ ഏറ്റവുമധികം  സ്നേഹിച്ചവരാൽ  വധിക്കപ്പെട്ട് , തകർന്നു പോയിടത്ത് നിന്ന് ഇന്ന് ലോകത്തിന്റെ മുഴുവൻ  പ്രത്യാശയുടെ പ്രതീകമായി ഉയർത്തപ്പെട്ടതിന്റെ ഓർമ്മയാണ് ഈ ദിവസം. 

ആ യുവാവ് കടന്നുപോയ വേദനകൾ നമ്മുടെ പ്രശ്നങ്ങളുമായി ഒന്നു താരതമ്യം  ചെയ്ത് നോക്കൂ...
തന്റെ  നന്മകളും  സ്നേഹവും  മതിയാവോളം  ആസ്വദിച്ചിട്ട്  ഓശാന പാടിയവർ തന്നെ അതേ നാവുകൊണ്ട് അവനെ ക്രൂശിക്കുക എന്ന് ഒരു മടിയുമില്ലാതെ ആർത്ത് ഏറ്റ് വിളിച്ചപ്പോഴും,  തന്റെ  ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ  മൂന്നുതവണ തള്ളി പറഞ്ഞപ്പോഴും, മറ്റൊരു സുഹൃത്ത് കേവലം കുറച്ച് നാണയങ്ങൾക്ക് വേണ്ടി ചതിച്ച് ഒറ്റിയപ്പോഴും, തന്നെ ആരാധനയോടെ മാത്രം നോക്കിയ നാട്ടുകാരുടെ  മുന്നിലൂടെ  നഗ്നനാക്കി അപമാനിക്കപ്പെട്ടപ്പോഴും  ആ യുവാവ് വേദനകൊണ്ട് എന്തുമാത്രം  പുളഞ്ഞിട്ടുണ്ടാകും?  

പക്ഷേ അദ്ദേഹം ഒരിക്കലും ആ വേദനയിൽ മടുത്തൂ എന്ന് പറഞ്ഞിട്ടില്ല,
തന്നെ ദ്രോഹിച്ചവരെ പോലും സ്നേഹിക്കുന്നതിൽ നിന്നും വിരമിച്ചിട്ടില്ല, മരിക്കുമ്പോഴും പുഞ്ചിരിയോടെ അവർതന്നെ ദ്രോഹിക്കുന്നത് അവരുടെ അറിവില്ലായ്മ ആണെന്ന് മനസ്സിലാക്കി ക്ഷമിക്കണം എന്നാണ് പറയുന്നത്. ആർക്ക് സാധിക്കും  ഇതുപോലൊക്കെ ജീവിക്കുവാൻ? 

പക്ഷെ സാധിക്കുമെന്നാണ് ഈ യുവാവിന്റെ ജീവിതം  നമ്മെ പഠിപ്പിക്കുന്നത്. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിന് മാതൃകയും പ്രതീക്ഷയുമാണ് ഈ യുവാവിനെ ജീവിതം. സമൂഹ മാധ്യമങ്ങളിൽ ഇന്ന് നമ്മെ പ്രോത്സാഹിപ്പിക്കുന്നവർ നാളെ ട്രോളി കൊല്ലാകൊല ചെയ്തേക്കാം, എന്നാൽ  എത്രയൊക്കെ യാതനകൾ നിരാശകൾ ഉണ്ടായാലും കരഞ്ഞു കരഞ്ഞു തളരാതിരിക്കുക.  നാം  ഏറ്റവുമധികം  സ്നേഹിക്കുന്നവർ ചിലപ്പോൾ നമ്മുടെ സ്നേഹം  മനസിലാക്കാതെ അവഗണിച്ച് തള്ളി പറഞ്ഞേക്കാം  അപ്പോൾ  അവരെ സ്നേഹിക്കുന്നതിൽ   മടുപ്പ് തോന്നാതിരിക്കുക, അവർ അവഗണിക്കുന്നതിന്റെ മൂല്യം  അവർ അറിയുന്നില്ലെന്ന് ഓർത്ത് അവരോട് ക്ഷമിക്കുക. കേവലം  നിസാര കാര്യലാഭങ്ങൾക്കായി നമ്മുടെ ആത്മാർത്ഥ ചങ്ങാതിമാർ  നമ്മെ ചതിച്ച് ഒറ്റികൊടുത്തിട്ടുണ്ടാകാം , എല്ലാവരും  കൂടി ക്രൂശിച്ച് പരിഹസിച്ചിട്ടുണ്ടാകാം   അപ്പോഴെല്ലാം  ഉള്ളിൽ മരിക്കുമ്പോഴും പുഞ്ചിരിയിൽ എല്ലാം നേരിടുക. 

ഏത് പ്രശ്നങ്ങൾക്ക് നടുവിലും ഒന്നോർക്കുക  ഇതിലും  എത്രയോവലിയ വേദന ഏറ്റ് വാങ്ങി നമ്മുടെ പ്രതീക്ഷകളെ ഉയർപ്പിച്ചവനാണ് ആ യുവാവ്. സ്നേഹിതരാൽ  കുരിശിലേറ്റപ്പെട്ട ആ യുവാവിന്റെ  വിരിച്ച കൈകൾ  നമ്മെ  ആലിംഗനം ചെയ്യാൻ, മാറോടണയ്ക്കാൻ കാത്തിരിക്കുന്നു.